പത്തനംതിട്ട : പപ്പടമില്ലാതെ എന്ത് ഓണസദ്യ. ഒാണവിപണിയിൽ പപ്പടമാണ് താരം. അതും നാടൻ പപ്പടം. ഫാക്ടറികളിൽ നിർമ്മിക്കുന്ന പപ്പടത്തേക്കാൾ പലർക്കും പ്രിയം നാടൻ പപ്പടത്തോടാണ്. ഓണം അടുത്തതോടെ വിപണിയും സജീവമായിട്ടുണ്ട്. മഴ തടസമാകുന്നുവെങ്കിലും ചണംചാക്കിൽ നിരത്തിയാണ് ഇപ്പോൾ ഉണക്കിയെടുക്കുന്നത്.
യന്ത്ര സഹായത്തോടെയാണ് വ്യവസായിക അടിസ്ഥാനത്തിലുള്ള പപ്പട നിർമ്മാണം. തലമുറകളായി പപ്പട നിർമാണം നടത്തി വരുന്ന നിരവധി കുടുംബങ്ങൾ ജില്ലയിലുണ്ട്. പത്തനംതിട്ട ടൗൺ കേന്ദ്രികരിച്ചും നിരവധിപേർ പപ്പട നിർമാണവുമായി കഴിയുന്നു. ഉഴുന്നുമാവും കറാച്ചി കാരവും ഉപ്പും ചേർത്താണ് പപ്പടം നിർമ്മിക്കുന്നത്. പണ്ട് ഒരുകെട്ട്, അരക്കെട്ട് എന്നീ വിധത്തിലായിരുന്നു പപ്പടം വിറ്റിരുന്നത്. വീടുകളിൽ എത്തി വിൽപനയുമുണ്ടായിരുന്നു.
കാലാവസ്ഥയിലെ മാറ്റവും ഉഴുന്നുമാവിന്റെ വില കുതിച്ചുയർന്നതും പപ്പടത്തിന്റെ വില വർദ്ധനവിന് ഇടയാക്കിയിട്ടുണ്ട്.
വില
വലിയ പപ്പടം: 100 എണ്ണം, 140 രൂപ,
ചെറിയ പപ്പടം: 100 എണ്ണം 120 രൂപ
25 പപ്പടത്തിന് 30 രൂപയാണ് വില
വിവിധ തരം പപ്പടങ്ങൾ ചെറിയ പപ്പടം, വലിയ പപ്പടം, ഗുരുവായൂർ പപ്പടം, മുളക് പപ്പടം, കുരുമുളക് പപ്പടം, മസാല പപ്പടം, ജീരക പപ്പടം
ഈ പരമ്പരാഗത വ്യവസായ മേഖല ഇന്ന് പ്രതിസന്ധിയിലാണ്. പലരും തൊഴിൽ മതിയാക്കി മറ്റു മേഖലകളിലേക്ക് പോകുന്നു. പരിചയ സമ്പന്നരായ തൊഴിലാളികളെ കിട്ടാൻ ബുദ്ധിമുട്ടാണ്.
നിർമ്മാണം
നിശ്ചിത അനുപാതത്തിൽ പപ്പടക്കാരവും ഉപ്പും ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത ശേഷം ഉഴുന്നുമാവിൽ ചേർത്ത് കുഴച്ച് ആട്ടുകല്ലിലിടിച്ച് പാകമാക്കിയ മാവ് ഉരുളകളാക്കി പരത്തിയാണ് പരമ്പരാഗതരീതിയിൽ പപ്പടം നിർമ്മിച്ചിരുന്നത്. പരസ്പരം ഒട്ടാതിരിക്കാൻ അരിപ്പൊടിയോ മൈദയോ തൂകി ഇത് വെയിലത്തിട്ട് ഉണക്കി കവറുകളിലാക്കിയാണ് വിപണിയിലെത്തിക്കുന്നത്.
" പപ്പടം ഉണ്ടാക്കാൻ ആളെ കിട്ടാനില്ല. ഉഴുന്നിന്റെ വില വർദ്ധിക്കുമ്പോഴും പപ്പടത്തിന് വലിയ വില ഈടാക്കാറില്ല. എണ്ണത്തിൽ ഒന്നോ രണ്ടോ വ്യത്യാസം വരുത്തും. ഉഴുന്നിന് കിലോ 70 രൂപയാണ്. എല്ലാം എപ്പോഴും ലഭിക്കുന്ന കൊണ്ട് അങ്ങനെ സീസൺ എന്നൊന്നും ഇല്ല. "
സുകുമാരൻ
പപ്പട നിർമ്മാണ തൊഴിലാളി