cinema-ticket

പത്തനംതിട്ട: സിനിമയ്ക്ക് വിനോദ നികുതി ഏർപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ടുളള സംസ്ഥാന സർക്കാർ ഉത്തരവ് ഇക്കഴിഞ്ഞ ഒന്നിന് പുറത്തിറങ്ങിയതോടെ തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് കൂടുമോ എന്ന ആശങ്കയിലാണ് സിനിമ പ്രേമികൾ.

പുതിയ ഉത്തരവ് പ്രകാരം 100രൂപയ്ക്ക് താഴെയുളള ടിക്കറ്റിന് അഞ്ച് ശതമാനവും 100രൂപയ്ക്ക് മുകളിലുളള ടിക്കറ്റിന് 8.5 ശതമാനവുമാണ് വിനോദ നികുതി ഏർപ്പെടുത്തേണ്ടത്. ഉത്തരവ് നടപ്പായാൽ അഞ്ച് മുതൽ 10രൂപ വരെ ടിക്കറ്റ് നിരക്ക് കൂടിയേക്കാം. എന്നാൽ, ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് തീയറ്റർ ഉടമകളും സിനിമ പ്രേക്ഷക കൂട്ടായ്മയും. മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സമരത്തിനൊരുങ്ങുകയാണ്. വിനോദ നികുതി പൂർണമായും അതത് തദ്ദേശ സ്ഥാപനങ്ങൾക്കുളളതാണ്. പുതിയ വരുമാന മാർഗമായതിനാൽ വിനോദ നികുതി ഏർപ്പെടുത്താൻ മടിക്കില്ലെന്നാണ് തദ്ദേശ സ്ഥാപനങ്ങളിലെ അധികൃതർ പറയുന്നത്.

ഒാണക്കാലത്ത് കൂടുതൽ സിനിമകൾ റിലീസ് ചെയ്യുന്നതിനാൽ തീയറ്ററുകളിൽ പ്രക്ഷേകർ കൂടുമെന്ന് കണ്ടാണ് സെപ്തംബറിൽ തന്നെ വിനോദ നികുതി ഏർപ്പെടുത്താൻ ഉത്തരവിറക്കിയതെന്ന് ആക്ഷേപമുണ്ട്. എന്നാൽ, മിക്ക തീയറ്ററുകളും വിനോദ നികുതി പ്രേക്ഷകരിൽ നിന്ന് ഇൗടാക്കി തുടങ്ങിയിട്ടില്ല. നിലവിൽ രണ്ട് തരം നികുതി പ്രേക്ഷകരിൽ നിന്ന് ഇൗടാക്കുന്നുണ്ട്. ജി.എസ്.ടി ഇനത്തിൽ 100രൂപയിൽ താഴെയെളള ടിക്കറ്റിന് 12ശതമാനമാണ് നികുതി നൽകുന്നത്. നേരത്തെ ഇത് 18 ശതമാനമായിരുന്നു. ആറ് ശതമാനത്തിന്റെ കുറവ് വരുത്തിയെങ്കിലും ടിക്കറ്റ് നിരക്കിൽ ശരാശരി അഞ്ച് രൂപയുടെ കുറവ് മാത്രമേ വരുത്തിയിരുന്നുളളൂ. അതേസമയം, കഴിഞ്ഞ മാസം മുതൽ പ്രയള സെസ് ഏർപ്പെടുത്തിയപ്പോൾ 100രൂപയ്ക്ക് മുകളിലുളള ഒരു ടിക്കറ്റിന് 10രൂപ മുതൽ വർദ്ധന വരുത്തി.

തീരുമാനം വൈകും

വിനോദ നികുതിയുടെ കാര്യത്തിൽ തീയറ്റർ ഉടമകൾ ധാരണയിലെത്തിയിട്ടില്ല. മൂന്നാമതൊരു നികുതി കൂടി ഏർപ്പെടുത്തിയാൽ പ്രേക്ഷകർ തീയറ്ററുകളിൽ നിന്ന് അകലും എന്നാണ് ഇവർ പറയുന്നത്. തീയറ്റർ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷൻ വിനോദ നികുതിക്കെതിരെ ഹൈക്കോടതിയിൽ കക്ഷി ചേർന്നതിനാൽ തീരുമാനം നീളും. ഹൈക്കോടതി ഉത്തരവിന് ശേഷമേ തീരുമാനമുണ്ടാകൂ.

'' ഹൈക്കോടതി വിധി വരുന്നതു വരെ പ്രേക്ഷരിൽ നിന്ന് വിനോദ നികുതി ഇൗടാക്കില്ല.

പ്രസാദ്, ട്രിനിറ്റി തീയറ്റർ മാനേജർ, പത്തനംതിട്ട.

'' വിനോദ നികുതി ഏർപ്പെടുത്താനുളള നീക്കം പ്രതിഷേധാർഹമാണ്. കോടതിയിൽ കക്ഷി ചേരും.

സലിം പി.ചാക്കോ, സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ.

'' വിനോദ നികുതിക്കെതിരെ പ്രതിഷേധം ഉയർന്നു വരണം. പ്രേക്ഷകരുടെ കൂട്ടായ്മയുണ്ടാക്കി സമരം നടത്തും.

രമേശ് ആനപ്പാറ, മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സംസ്ഥാന ജോ. സെക്രട്ടറി.