അടൂർ : സർക്കാർ കാര്യം മുറപോലെ എന്ന ചൊല്ലിൽ വൈദ്യുതി ബോർഡിന് നോ അപ്പീൽ.പണമടച്ചില്ലെങ്കിൽ സർക്കാരല്ല. ആരായാലും തങ്ങൾ ഫ്യൂസ് ഉൗരും. കെ.എസ്.ഇ.ബി യുടെ കർശന നിലപാടിൽ ഇന്നലെ വൈകിട്ട് 3.30 മുതൽ പന്തളം വില്ലേജ് ഒാഫീസിന്റെ പ്രവർത്തനം പൂർണമായും നിലച്ചു. 3001രൂപ വൈദ്യുതി കുടിശിഖ വരുത്തിയതിന്റെ പേരിലാണ് വില്ലേജ് ഒാഫീസിന്റെ വൈദ്യുതി ബന്ധം വിഛേദിച്ചത്. കരം അടയ്ക്കുന്നതുൾപ്പെടെ എല്ലാ സംവിധാനങ്ങളും ഒാൺലൈനായതോടെ ഉച്ചയ്ക്ക് ശേഷം വന്ന പലർക്കും സേവനം ലഭ്യമാക്കാൻ കഴിയാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കൈമലർത്തി.
വില്ലേജ് ഒാഫീസുകളുടെ വൈദ്യുതി ബില്ലുകൾ താലൂക്ക് ഒാഫീസിലാണ് സമർപ്പിക്കുന്നത്. ഇത് കളക്ട്രേറ്റിൽ നിന്നും കൃത്യമായി പാസാക്കി ഫണ്ട് ലഭ്യമാക്കാറില്ല. നാല് മുതൽ ആറ് മാസം വരെയാണ് വൈദ്യുതി ബില്ല് പാസായി വരാൻ എടുക്കുന്ന സമയം.ഇതൊന്നും വൈദ്യുതി ബോർഡിന് മുന്നിൽ പറഞ്ഞിട്ട് കാര്യമില്ല. സമയത്ത് പണം കിട്ടിയില്ലെങ്കിൽ ഫ്യൂസ് ഉൗരുക തന്നെ എന്ന നിലപാടാണ്. അതുകൊണ്ട് വില്ലേജ് ഒാഫീസർമാർ തങ്ങളുടെ പോക്കറ്റിൽ നിന്നും പണം എടുത്ത് കൊടുത്താണ് സമയാസമയം വൈദ്യുതി ചാർജ്ജ് അടയ്ക്കുന്നത്.ഇന്നലെ ഫ്യൂസ് ഉൗരാൻ വന്നവരോട് വില്ലേജ് ഒാഫീസർ കെഞ്ചിപറഞ്ഞു. എന്നിട്ടും രക്ഷയില്ലായിരുന്നു.ഫ്യൂസ് ഉൗരിയതോടെ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താറുമാറായി.
ബിൽ അടയ്ക്കുന്ന വിവരം ധരിപ്പിച്ചിരുന്നു. തങ്ങൾക്ക് മുകളിൽ നിന്നുള്ള നിർദ്ദേശത്തെ അവഗണിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ തഹസീൽദാർ രേഖാമൂലം അപേക്ഷ നൽകിയിരുന്നെങ്കിൽ ഒരു ദിവസത്തേക്ക് നടപടികൾ ഒഴിവാക്കാമായിരുന്നു.
സൂപ്രണ്ട്
ഇലക്ട്രിക്കൽ ഡിവിഷൻ, പന്തളം
വൈദ്യുതി ബിൽ സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും നൽകിയില്ല. ഇന്നലെ വന്ന ഉദ്യോഗസ്ഥരോട് ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിരുന്നു. ഇത് കാരണം കരം അടയ്ക്കാൻ വന്നവരെ തിരികെ മടക്കേണ്ടിവന്നു.
സിജു.
(വില്ലേജ്ഒാഫീസർ, പന്തളം)
ഒരു ദിവസത്തെ സാവകാശം നൽകണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. അത് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ ചെവികൊണ്ടില്ല.
ബീന എസ്. ഹനീഫ്,
തഹസീൽദാർ, അടൂർ
കുടിശിക വരുത്തിയത് 3001 രൂപ