പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ പാകിസ്ഥാൻ കേന്ദ്രമായ നുഴഞ്ഞുകയറ്റക്കാർ ചോർത്തി. നാല് വർഷത്തെ വിവരങ്ങളാണ് നഷ്ടപ്പെട്ടത്. രോഗികളുടെ പേരും വിലാസവും രോഗവിവരവും അടങ്ങിയ സോഫ്റ്റ്‌വെയർ പാകിസ്ഥാൻ കേന്ദ്രമായ ബിറ്റ്കോയിൻ എന്ന ഐ.പി വിലാസം മുഖേനയാണ് ഹാക്ക് ചെയ്തത്. വിവരങ്ങൾ തിരിച്ചുനൽകണമെങ്കിൽ രണ്ടര ലക്ഷത്തോളം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. 10 ദിവസത്തിനുള്ളിൽ പണം അയച്ചുകൊടുത്തില്ലെങ്കിൽ വിവരം തിരിച്ചുനൽകില്ലെന്ന് ആശുപത്രിയിലെ കമ്പ്യൂട്ടറിൽ ലഭിച്ച സന്ദേശത്തിൽ കണ്ടെത്തി.
സെപ്തംബർ ഒന്നിന് പുലർച്ചെ 4.40നും രണ്ടിന് ഉച്ചയ്ക്ക് ഒരുമണിക്കുമിടയിലാണ് വിവരങ്ങൾ ചോർത്തിയത്. ഇന്നലെ രാവിലെ ആശുപത്രി ഒ.പി വിഭാഗത്തിന്റെ കമ്പ്യൂട്ടർ ഒാൺ ചെയ്തപ്പോഴാണ് വിവരങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സോഫ്റ്റ്‌വെയർ തയ്യാറാക്കിയ സ്വകാര്യ ഏജൻസി തുടർന്ന് നടത്തിയ പരിശോധനയിലാണ് പാകിസ്ഥാൻ കേന്ദ്രമായ ഏജൻസിയാണ് വിവരങ്ങൾ ചോർത്തിയതെന്ന് കണ്ടെത്തിയത്. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസ് സൈബർ പൊലീസിന് പരാതി നൽകി. ജില്ലാ മെഡിക്കൽ ഒാഫീസറെയും വീണാ ജോർജ് എം.എൽ.എയെയും വിവരം അറിയിച്ചു.
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ഹാക്ക് ചെയ്തതിലൂടെ സെപ്തംബർ ഒന്നിന് പുലർച്ചെ 4.40 മുതൽ രണ്ടിന് ഉച്ചവരെയുള്ള ഒന്നര ദിവസത്തെ വിവരങ്ങൾ പൂർണമായി നഷ്ടപ്പെട്ടു. ബാക്കിയുള്ളവ ബാക് ഫയലുകളായി സൂക്ഷിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സൈബർ സെൽ വിഭാഗം നടത്തുന്ന പരിശോധനയിൽ മാത്രമേ കൂടുതൽ വിവരങ്ങൾ നഷ്ടപ്പെട്ടോ എന്നറിയാൻ കഴിയൂ. സംഭവം അറിഞ്ഞ് സ്പെഷ്യൽ ബ്രാഞ്ച് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ആശുപത്രിയിൽ ഒ.പി, ഐ.പി വിഭാഗങ്ങൾ കമ്പ്യൂട്ടർവത്കരിച്ചത് 2016ലാണ്. അന്നുമുതൽ ഇൗ വർഷം ആഗസ്റ്റ് 31 വരെയുള്ള വിവരങ്ങൾ ബാക് ഫയലുകളായി സൂക്ഷിച്ചിട്ടുണ്ട്. വിവരങ്ങൾ ചോർത്തിയതുവഴി കൂടുതലായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും പരിശോധിക്കുമെന്ന് പത്തനംതിട്ട പൊലീസ് ചീഫ് ജി. ജയദേവ് പറഞ്ഞു.