പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കമ്പ്യൂട്ടർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ സംസ്ഥാന പൊലീസിന്റെ സൈബർ സെൽ, സൈബർ ഡോം വിഭാഗങ്ങളും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും അന്വേഷണം ആരംഭിച്ചു. ജനറൽ ആശുപത്രിയിലെ കമ്പ്യൂട്ടറിലെ വിവരങ്ങളും പണം ആവശ്യപ്പെട്ട് ഹാക്കർമാർ അയച്ച സന്ദേശങ്ങളും ഇന്നലെ പരിശോധിച്ചു. പാകിസ്ഥാനിലുളള 12 അക്കങ്ങളിലെ മൂന്ന് ഐ.പി വിലാസങ്ങൾ വഴിയാണ് വിവരങ്ങൾ ചോർത്തിയിരിക്കുന്നത്. എന്നാൽ, ഇത് പാകിസ്ഥാനിലിരുന്ന് അയച്ചതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഏത് രാജ്യത്തിരുന്നു വേണമെങ്കിലും മറ്റൊരു രാജ്യത്തെ സ്ഥലത്തിന്റെ പേരിൽ ഐ.പി വിലാസമുണ്ടാക്കാം.
തീവ്രവാദ ബന്ധമുളളവരല്ല വിവരങ്ങൾ ചോർത്തിയതെന്ന് പരിശോധന നടത്തിയ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെയും സൈബർ സെല്ലിലെയും ഉദ്യോഗസ്ഥർ പറയുന്നു. വിവരങ്ങൾ ചോർത്താനുളള ശ്രമം അഞ്ച് തവണ പരാജയപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സാജൻ മാത്യൂസ്, ആർ.എം.ഒ ഡോ. ആശിഷ് മാേഹൻകുമാർ, ജനറൽ ആശുപത്രിയിൽ കമ്പ്യൂട്ടർവത്കരണം നടത്തിയ സ്വകാര്യ ഏജൻസിയിലെ ജീവനക്കാർ എന്നിവരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. എവിടെയിരുന്നാണ് വിവരങ്ങൾ ചോർത്തിയത്, ഹാക്കർമാർ ആര്, ഉദ്ദേശമെന്ത് എന്നിവയാണ് അന്വേഷിക്കുന്നത്.
സെപ്തംബർ ഒന്നിന് പുലർച്ചെ 4.40നും ഉച്ചയ്ക്ക് രണ്ടിനുമിടയിലാണ് ഹാക്കിംഗ് നടന്നത്. 2016 മുതലുളള രോഗികളുടെ പേര്, സ്ഥലം, ഫോൺ നമ്പർ, ലഭിച്ച ചികിത്സ എന്നീ വിവരങ്ങളാണ് ചോർന്നത്. അതേസമയം, നാല് വർഷത്തെ വിവരങ്ങൾ ആശുപത്രിയിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലും മറ്റുമായി സൂക്ഷിച്ചിട്ടുളളതിനാൽ നഷ്ടപ്പെട്ടിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളോടെ സോഫ്റ്റ് വെയർ പുന:സ്ഥാപിക്കുകയും ചെയ്തു. വിവരങ്ങൾ തിരിച്ചുനൽകാൻ 0.03 ബിറ്റ്കോയിൻ പത്ത് ദിവസത്തിനുളളിൽ നൽകണമെന്നായിരുന്നു ഹാക്കർമാരുടെ ആവശ്യം. ഇതിന് ഇന്ത്യയിലെ 25000 രൂപയുടെ മൂല്ല്യമാണുളളത്.