kodumon
കൊടുമൺ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിക്കുന്നു.

കൊടുമൺ: ഗൃഹോപകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ നിത്യോപയോഗ ഉത്പന്നങ്ങളും സപ്ലൈകോ വഴി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി പി. തിലോത്തമൻ പറഞ്ഞു. കൊടുമൺ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾക്ക് സ്വീകാര്യമായ വിലയിൽ സാധനങ്ങൾ നൽകുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതുമൂലം സപ്ലൈകോയ്ക്ക് 481 കോടി രൂപയുടെ അധിക ബാദ്ധ്യത നിലവിലുണ്ട്. ഇതിൽ 200 കോടിരൂപ സബ്‌സിഡിയായി സപ്ലൈകോയ്ക്ക് സർക്കാർ നൽകുന്നുണ്ട്.

ശബരി ഉത്പന്നങ്ങൾ റേഷൻ കടകളിലൂടെ ലഭ്യമാക്കും. അവിടെ മിനി എ.ടി.എം പ്രവർത്തിപ്പിക്കും. എഫ്‌.സി.ഐയിൽ നിന്ന് സാധനങ്ങൾ കൊണ്ടുവരുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കും. ഇതിലൂടെ വാഹനം റൂട്ടുമാറി ഓടിയാൽ കണ്ടെത്തി നടപടി സ്വീകരിക്കും. റേഷൻ കടകളിൽ നിന്ന് ജനങ്ങൾക്ക് ലഭ്യമാകുന്ന സാധനങ്ങളുടെ അളവുകളിൽ കുറവ് വരാതിരിക്കാൻ അളവ് കൃത്യമായാൽ മാത്രമേ തൂക്കാൻ സാധിക്കുകയുള്ളു എന്ന ബയോമെട്രിക് സംവിധാനവും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച സപ്ലൈകോ സൂപ്പർമാർക്കറ്റിലെ ആദ്യ വിൽപ്പന കൊടുമൺ മടത്തിക്കുന്നേൽ സൂസമ്മയ്ക്ക് നൽകി പറക്കോട് ബ്ലോക്ക് പ്രസിഡന്റ് ബീന പ്രഭ നിർവഹിച്ചു. കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, വൈസ് പ്രസിഡന്റ് എം.ആർ. ശ്രീധരൻ ഉണ്ണിത്താൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ.ബി. രാജീവ് കുമാർ, പറക്കോട് ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. സി.പ്രകാശ്, വാർഡ് മെമ്പർ എ.ബി. ശ്രീകുമാർ, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി. സജി, ഏരിയാ സെക്രട്ടറി എ.എൻ. സലിം, സിപിഐ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, സപ്ലൈകോ ജനറൽ മാനേജർ ആർ. റാംമോഹൻ, ജില്ലാ സപ്ലൈ ഓഫീസർ എം.എസ്. ബീന, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് എം.എൻ. വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.