പത്തനംതിട്ട : സ്കൂൾ ബസിൽ വിദ്യാർത്ഥിനി ഒറ്റപ്പെട്ട സംഭവത്തിൽ ആയയെ പിരിച്ചുവിട്ടു. കോഴിമല സെന്റ് മേരീസ് യു.പി സ്കൂളിലാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. ജൂലായ് 29ന് വൈകിട്ട് സ്കൂളിൽ നിന്ന് പുറപ്പെട്ട ബസിൽ ഇരവിപേരൂർ കളപ്പുരയ്ക്കൽ വീട്ടിൽ രഞ്ജിത് -കൊച്ചുമോൾ ദമ്പതികളുടെ മകളായ മൂന്നാംക്ളാസുകാരി ഉറങ്ങിപ്പോയി. തിരികെ വന്ന ബസ് സ്കൂൾ വളപ്പിലിട്ട ശേഷം ഡ്രൈവറും ആയയും മടങ്ങി. കുട്ടി ഉറങ്ങിക്കിടക്കുന്നത് അവർ ശ്രദ്ധിച്ചില്ല. പിന്നീട് കുട്ടി സ്വയം ബസിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. സന്ധ്യ നേരത്ത് ഒരു കിലോമീറ്ററോളം റോഡിലൂടെ നടന്ന കുട്ടി ഒരു വീട്ടിൽ കയറി. ഇവർ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു. ഇൗ സമയം മാതാപിതാക്കൾ കുട്ടിയെ അന്വേഷിച്ച് പരിഭ്രാന്തരായി നടക്കുകയായിരുന്നു. സ്കൂൾ അധികൃതരുടെ സാന്നിദ്ധ്യത്തിൽ കുട്ടിയെ രക്ഷിതാക്കൾക്ക് കൈമാറുകയായിരുന്നു.
കുട്ടി ബസിൽ ഇല്ലായിരുന്നു എന്നാണ് ഡ്രൈവറും ആയയും പറഞ്ഞത്. കുട്ടികൾ എല്ലാവരും ഇറങ്ങിയോ എന്ന് ബസിൽ പരിശോധന നടത്താതിരുന്ന ജീവനക്കാർക്കെതിരെ സ്കൂൾ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിൽ പരാതി നൽകി. ഇതേ തുടർന്ന് നടപടിയെടുക്കാൻ ചൈൽഡ് വെൽഫയർ കമ്മറ്റി സ്കൂൾ അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ടി. സക്കീർ ഹുസൈൻ, അജിതകുമാരി, ബിജു എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.