തിരുവല്ല : ഓട്ടോ സ്റ്റാന്റിലെ വെള്ളക്കെട്ട് മൂലം തൊഴിലാളികളും സവാരിക്കെത്തുന്ന യാത്രക്കാരും ദുരിതത്തിൽ. പെരിങ്ങര ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. മുപ്പതോളം ഓട്ടോറിക്ഷകളാണ് കൃഷ്ണപാദം റോഡിലെ സ്റ്റാന്റിലുള്ളത്. കൃഷ്ണ പാദം റോഡിൽ വെള്ളക്കെട്ട് പതിവായതോടെ കഴിഞ്ഞ പത്തു മാസം മുമ്പ് പെരിങ്ങര കാവുംഭാഗം റോഡിലേക്ക് സ്റ്റാന്റ് താൽക്കാലികമായി മാറ്റിയിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബുധനാഴ്ച പഴയ സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷകൾ മാറ്റി. എന്നാൽ സ്റ്റാന്റിൽ നിലനിൽക്കുന്ന വെള്ളക്കെട്ട് കാരണം സവാരിക്ക് ആളെത്തുന്നില്ലെന്നാണ് ഓട്ടോ തൊഴിലാളികളുടെ പരാതി. ഓട നിർമ്മാണത്തിന് ആവശ്യമായ സ്ഥലം വിട്ടു നൽകാൻ സ്വകാര്യ വ്യക്തികൾ തയാറാകാത്തതാണ് വെള്ളക്കെട്ടിന് കാരണം. പെരിങ്ങര കാവുംഭാഗം റോഡിൽ പെരിങ്ങര ജംഗ്ഷനിൽ നൂറ് മീറ്ററോളം ഭാഗം ഉയർത്തി തറയോട് പാകിയതോടെയാണ് ഓട്ടോസ്റ്റാന്റ് ഭാഗത്ത് വെള്ളക്കെട്ട് പതിവായത്. സ്റ്റാന്റിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകുമെന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികൾ പറഞ്ഞു.