പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തിൽ നിലം നികത്തി കെട്ടിട നിർമ്മാണങ്ങൾ തകൃതിയായി നടക്കുമ്പോൾ, പട്ടികജാതി കുടുംബത്തിന്റെ കരഭൂമിയിലെ വീട് നിർമാണം നിലം നികത്തിയാണെന്ന പേരിൽ വില്ലേജ് അധികൃതർ തടഞ്ഞു.
തട്ട ഇടമാലി ശിവമാലി ഭവനിൽ ഗൗരിയും കുടുംബവുമാണ് പട്ടികജാതി വകുപ്പിൽ നിന്ന് പണം ലഭിച്ചിട്ടും വീട് നിർമിക്കാനാവാതെ ചോർന്നൊലിക്കുന്ന ഷെഡിൽ കഴിയുന്നത്. വീടിനായി രണ്ട് വർഷം മുമ്പ് തറ കെട്ടിയപ്പോഴാണ് വില്ലേജ് അധികൃതർ കെട്ടിടം പണി തടഞ്ഞുകൊണ്ട് ഉത്തരവ് നൽകിയത്. ഇതിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കെട്ടിടത്തിനായി ഇറക്കിയ സാധനസാമഗ്രികൾ സ്ഥലത്ത് കിടന്ന് നശിച്ചു. തട്ട വായനശാലയ്ക്ക് സമീപം മേനക്കാല അരീക്കപ്പടിയിൽ നിലത്തോട് ചേർന്ന് 20 സെന്റ് സ്ഥലം വാങ്ങി ഷെഡ് കെട്ടിയാണ് ഗൗരിയും ഭർത്താവ് ഗോപാലനും അവിവാഹിതരായ മകനും മകളും അടങ്ങിയ കുടുംബം താമസിക്കുന്നത്. 2013ൽ ഇവിടെ വീട് വയ്ക്കാൻ ഗൗരിക്ക് പഞ്ചായത്ത് അനുമതി നൽകിയതാണ്. പട്ടികജാതി ക്ഷേമ വകുപ്പ് വീട് നിർമ്മിക്കാൻ ആദ്യഗഡുവായി 45000 രൂപ അനുവദിച്ചു. ആ പണംകൊണ്ട് തറ പണിതുകൊണ്ടിരിക്കെ പന്തളം തെക്കേക്കര വില്ലേജ് ആഫീസർ 2017 ജൂണിൽ സ്ഥലത്തെത്തി നിരോധന ഉത്തരവ് നൽകി. ഇതോടെ വീട് പണി മുടങ്ങി. തടസം മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് കുടുംബം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
വീട് നിർമ്മിക്കാനായി ഇറക്കിയ മെറ്റൽ, പാറപ്പൊടി, 50 കിലോ കമ്പി, 10 ചാക്ക് സിമന്റ് എന്നിവ ഇവിടെ കിടപ്പുണ്ട്.
>>
കരഭൂമി വില്ലേജിന് നിലംനികത്തലായി
നിലംനികത്തി കെട്ടിടം പണിതുവെന്ന് ചൂണ്ടിക്കാട്ടിയാണ് വില്ലേജ് ഒാഫീസർ നിരോധന ഉത്തരവ് നൽകിയത്. തങ്ങൾ വാങ്ങിയ സ്ഥലം കരഭൂമിയാണെന്ന് ഗൗരിയും ഭർത്താവ് കെ.സി. ഗോപാലനും പറഞ്ഞു. സ്ഥലം മണ്ണിട്ട് നികത്തിയിട്ടില്ല. ഇവിടെ അഞ്ച് സെന്റ് സ്ഥലത്ത് വീട് വയ്ക്കാൻ ഗ്രാമപഞ്ചായത്തും ഗ്രാമസഭയും അനുമതി നൽകിയതാണ്. സമീപത്ത് നിലംനികത്തി ചെറുതും വലുതുമായ എട്ട് കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കയാണ്. തങ്ങളുടെ വീട് നിർമ്മാണം തടഞ്ഞതിന് ശേഷമാണ് ഇതിനെല്ലാം അനുമതി നൽകിയിട്ടുള്ളതെന്നും അവർ പറഞ്ഞു.
>>>
''സംഭവത്തെപ്പറ്റി അറിയില്ല. അന്വേഷിച്ചിട്ട് പറയാം.
പന്തളം തെക്കേക്കര വില്ലേജ് ഒാഫീസർ
'' ഗൗരിക്ക് വീട് നിർമിക്കാൻ അനുവാദം നൽകാത്തതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലുണ്ട്.
ഗ്രാമപഞ്ചായത്തംഗം പി. രാജമ്മ.