തിരുവല്ല: ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തിരുവല്ല ട്രാവൻകൂർ കൾച്ചറൽ സൊസൈറ്റിയും മാദ്ധ്യമ പ്രവർത്തക കൂട്ടായ്മയും ചേർന്നൊരുക്കുന്ന ഓണം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ വർഗീസ് ജോൺ അദ്ധ്യക്ഷത വഹിക്കും. ഓണാഘോഷത്തിന്റെ ഉദ്ഘാടനം മാത്യു ടി. തോമസ് എം.എൽ.എയും പവിലിയന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറക്കലും ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം എൻ.എം രാജുവും നിർവഹിക്കും. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, കെ. അനന്തഗോപൻ, ജോസഫ് എം.പുതുശേരി, കെ.ആർ. പ്രതാപചന്ദ്രവർമ്മ, സതീഷ് ചാത്തങ്കേരി, എം.സലിം, അഡ്വ.കെ.ജി രതീഷ് കുമാർ എന്നിവർ പ്രസംഗിക്കും. 50000 ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന പന്തലിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ വിനോദോപാധികൾ അടങ്ങുന്ന അമ്യൂസ്മെന്റ് പാർക്ക്, മരണക്കിണർ, കൃത്യമ വനം, വിവിധ സ്ഥാപനങ്ങളുടെ അമ്പതിൽപ്പരം സ്റ്റാളുകൾ, വടക്കൻ മലബാറിലേതടക്കമുള്ള രുചിക്കൂട്ടുകൾ ഒരുക്കുന്ന ഫുഡ് കോർട്ടുകൾ, ചലച്ചിത്ര - ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ ഫെസ്റ്റിന് കൊഴുപ്പേകും. 18ന് സമാപിക്കും.