attachakal-chittoor-palam

അട്ടച്ചാക്കൽ : മൂന്ന് വർഷം മുമ്പ് ആരംഭിച്ച ചിറ്റൂർ കടവിലെ പാലത്തിന്റെ പണികൾ മൂന്ന് തൂണുകളിൽ ഒതുങ്ങിയിരിക്കുകയാണ്. കോൺക്രീറ്റ് തൂണുകളിലെ കമ്പികൾ തുരുമ്പിച്ച് തുടങ്ങിയിരിക്കുന്നു. പുനലൂർ ​- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ചിറ്റൂർമുക്കിനെയും കോന്നി, അട്ടച്ചാക്കൽ, വെട്ടൂർ, കുമ്പഴ റോഡിനെയും ബന്ധിപ്പിക്കുന്ന പാലം 2016ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് റിവർ മാനേജ്‌മെന്റ് ഫണ്ടിലുൾപ്പെടുത്തി നിർമ്മാണം ആരംഭിക്കുന്നത്. അന്ന് റവന്യു മന്ത്രിയായിരുന്ന അടൂർ പ്രകാശാണ് ശിലാസ്ഥാപനം നിർവ്വഹിച്ചത്. 2.50 കോടി രൂപ ചെലവിൽ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. എന്നാൽ നദിയുടെ ഇരുവശത്തുമായി മൂന്ന് തൂണുകൾ മാത്രമേ പണിയാൻ കഴിഞ്ഞുള്ളൂ. ആദ്യം നിർമ്മാണത്തിലെ അപാകതയെ തുടർന്ന് പണികൾ നിറുത്തിവച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അപാകതയില്ലെന്ന് കണ്ടെത്തി. ചെയ്ത പണിയുടെ തുക ലഭിക്കാനുള്ള താമസം മൂലം പണികൾ നിലച്ചു. അടൂർ പ്രകാശ് എം.എൽ.എ സർക്കാരുമായി ബന്ധപ്പെട്ട് പണികൾ ആരംഭിച്ചെങ്കിലും പിന്നീടും ബിൽ മാറാനുള്ള കാലതാമസം തടസമായി. കഴിഞ്ഞ രണ്ട് വർഷമായിട്ടാണ് പാലത്തിന്റെ പണികൾ പൂർണ്ണമായി നിലച്ചത്.

അച്ചൻകോവിലാറിന് കുറുകെ അട്ടച്ചാക്കൽ, ചിറ്റൂർ കരകളെ ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമായാൽ കോന്നി, മലയാലപ്പുഴ , പ്രമാടം, തണ്ണിത്തോട്, അരുവാപ്പുലം തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും.

ചെലവ്: 2.50 കോടി

പാലം പൂർത്തിയാകുന്നതോടെ കോന്നി ടൗണിലെ ഗതാഗത പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരവുമാകും

റോജി ഏബ്രഹാം,

കോന്നി ബ്ലോക്ക് പഞ്ചായത്തംഗം

ആറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ കടത്തുവള്ളത്തിലും വേനൽകാലത്ത് ആറ്റിലിറങ്ങി നടന്നുകയറിയുമാണ് നാട്ടുകാർ മറുകരയിലെത്തിയിരുന്നത്. പാലം പണി പുനരാരംഭിക്കണമെന്നാവശ്യവുമായി കഴിഞ്ഞ ദിവസം നാട്ടുകാർ പൗരസമിതി രൂപീകരിച്ചിരുന്നു.