അടൂർ : സഹോദരിയുടെ വീട്ടിലേക്ക് പോയ ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. ശാസ്താംകോട്ട പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലാബ് അസിസ്റ്റന്റ് അനിൽ ബാബു (42) ആണ് മരിച്ചത്. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ വല്യത്ത് വീട്ടിൽ വി. ഒ ബാബുവിന്റെയും മറിയാമ്മയുടെയും മകനാണ്.
കായംകുളം - പുനലൂർ സംസ്ഥാന പാതയിൽ ഏനാദിമംഗലം മരുതിമൂട് പള്ളിക്ക് സമീപമായിരുന്നു അപകടം. .പത്തനാപുരത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു അനിൽ. പത്തനാപുരത്തു നിന്ന് അടൂരിലേക്ക് വരികയായിരുന്ന സ്വകാര്യബസ് ടിപ്പർലോറിയെ മറികടക്കവേ എതിരേവന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ബസിന്റെ അടിയിൽപ്പെട്ടു. അനിലിന്റ വയറ്റിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. ബസ് ഡ്രൈവറെ അടൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ചായലോട് മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് മോർച്ചറിയിൽ ഭാര്യ: ബിന്ദു, മക്കൾ: ജാനി, പെനീന.