പത്തനംതിട്ട: ശബരിമലയിലെ ഭരണനിർവഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് സുപ്രീം കോടതിൽ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളള അടവു നയത്തിന്റെ ഭാഗമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതും തിരഞ്ഞെടുപ്പ് ഭയന്നാണ്. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലവിലുളള സമാധാന അന്തരീക്ഷം തകർക്കുന്നതാണ്. കോൺഗ്രസ് നേത്യത്വം ആവശ്യപ്പെട്ടാൽ കോന്നി ഉപതിരെഞ്ഞടുപ്പിൽ മൽസരിക്കാൻ തയ്യാറാണെന്ന് പ്രയാർ പറഞ്ഞു. അയ്യപ്പവിശ്വാസം കാത്ത് സൂക്ഷിക്കാനായി ശബരിമല പാതയിലെ വടശ്ശേരിക്കര പ്രയാർ മഹാവിഷ്ണുക്ഷേത്രത്തിന് സമീപം ആശ്രമം സ്ഥാപിച്ച് അയ്യപ്പധർമ്മ സംരക്ഷണ സമിതി രൂപീകരിക്കും. ആചാര സംരക്ഷണം ഉൾപ്പെടെയുളള വിഷയങ്ങളിൽ ഇവിടെ തീർത്ഥാടകർക്ക് ബോധവൽക്കരണം നൽകുമെന്ന് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.