തിരുവല്ല: ഓണക്കാലത്തെ വരവേൽക്കാനായി ട്രാവൻകൂർ കൾച്ചറൽ സൊസൈറ്റിയും മാദ്ധ്യമ പ്രവർത്തക കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഫെസ്റ്റിന് തുടക്കമായി. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ അത്യന്തം ആവേശം നിറഞ്ഞ വടംവലി മത്സരത്തോടെയാണ് മേളയ്ക്ക് അരങ്ങുണർന്നത്. ആന്റോ ആന്റണി എം.പി ഓണം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ വർഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കലും പവലിയന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരിയും ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം എൻ.എം രാജുവും നിർവ്വഹിച്ചു. കെ.ആർ പ്രതാപചന്ദ്രവർമ്മ, കെ.ജി.രതീഷ്കുമാർ, ആർ.ജയകുമാർ, ഏലിയാമ്മ തോമസ്, എം.സലിം, സജി ഏബ്രഹാം, ജേക്കബ് ചെറിയാൻ, ബാബു പറയത്തുകാട്ടിൽ, സെയിൻ ടി.വർഗീസ്, വിജയകുമാർ മണിപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടകസമിതിയുടെ സൗഹൃദ മത്സരത്തോടെയാണ് വടംവലി തുടങ്ങിയത്. പത്തോളം ടീമുകൾ പങ്കെടുത്ത വടംവലി മത്സരം ആന്റോ ആന്റണി എം.പിയും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വാശിയേറിയ വടംവലി മത്സരത്തിൽ ബാബു ചെറിയാൻ ക്യാപ്റ്റനായ ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ ടീം ജേതാക്കളായി. മാസ് ഹീറോസ് തിരുമൂലപുരം രണ്ടാംസ്ഥാനം നേടി. മുൻസിപ്പൽ മൈതാനിയിൽ ഒരുലക്ഷത്തോളം ചതുരശ്ര അടിയിൽ ഒരുക്കിയിരിക്കുന്ന പന്തലിലാണ് ഓണം ഫെസ്റ്റ് അരങ്ങേറുന്നത്. അമ്യൂസ്മെന്റ് പാർക്ക്, കൃത്രിമ വനം, മരണക്കിണർ, ചലച്ചിത്ര -സാംസ്കാരിക നായകന്മാരുടെ ജീവസുറ്റ മെഴുക് പ്രതിമകൾ, അമ്പതിൽപ്പരം സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, ചലച്ചിത്ര-ടെലിവിഷൻ താരങ്ങൾ അണിനിരക്കുന്ന കലാസന്ധ്യകൾ തുടങ്ങിയവ ഫെസ്റ്റിന് മാറ്റുകൂട്ടാൻ ഒരുക്കിയിട്ടുണ്ട്. 18ന് സമാപിക്കും.