തിരുവല്ല: ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ നാലര പവന്റെ സ്വർണ്ണമാല കവർന്നു. തിരുവല്ല കിഴക്കുംമുറി വിജയപുരത്ത് വീട്ടിൽ അനന്തകൃഷ്ണന്റെ ഭാര്യ സുധയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 7.15 നാണ് സംഭവം. ശ്രീവല്ലഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലൂടെ മുത്താരമ്മൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മകളുടെ വീട്ടിലേക്ക് നടന്നു പോകുകയായിരുന്നു. സുധയുടെ മുമ്പേ അനന്തകൃഷ്ണനും ഉണ്ടായിരുന്നു. ഈസമയം ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേർ മാല വലിച്ച് പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഇതിനിടയിൽ താഴെവീണ താലിമാത്രം നിലത്തുനിന്നു കിട്ടി. തിരുവല്ല പൊലീസ് കേസെടുത്തു.