കോട്ടമൺപാറ: മേലെകോട്ടമൺപാറ റോഡിലെ വെളളക്കെട്ട് അപകട ഭീഷണി ഉയർത്തുന്നു. കയറ്റിറക്കമുളള റോഡിൽ മംഗലത്ത് പടിയിൽ ടാറിംഗ് പൊളിഞ്ഞ ഭാഗത്താണ് വെളളക്കെട്ട്. ഒരു വശത്ത് നാൽപ്പതടിയോളം താഴ്ചയാണ് ഇവിടെ. റോഡിന് നടുവിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിന് വാഹനങ്ങൾ തിരിച്ചാൽ താഴ്ചയിലേക്ക് പതിക്കും. ബൈക്കുകളും ഒാട്ടോറിക്ഷകളും വെളളക്കെട്ട് ഭാഗത്തു വരുമ്പോൾ വെട്ടിത്തിരിക്കുന്നുണ്ട്. റോഡിലൂടെ പോയാൽ ചെളിവെളളം ദേഹത്ത് പതിക്കുന്നതു കൊണ്ട് വശത്ത് താഴ്ചയുളള ഭാഗത്തുകൂടിയാണ് ബൈക്ക് യാത്രക്കാർ പോകുന്നത്.
വീതി കുറഞ്ഞ റോഡിലൂടെ എട്ടോളം ബസുകൾ സർവീസ് നടത്തുന്നുമുണ്ട്. ഇവിടെ ഇരുവശത്ത് നിന്ന് വാഹനങ്ങൾ ഒരേസമയം എത്തിയാലും അപകട ഭീഷണിയുണ്ട്. റോഡിന്റെ നടുവിലും ഒരു വശത്തെ കുന്നിൽ നിന്നും വെളളം ഉൗർന്നു വന്നാണ് ടാറിംഗ് പൊളിഞ്ഞത്. ഇവിടെ നാട്ടുകാർ ശ്രമദാനമായി കുഴികൾ നികത്തിയെങ്കിലും പിന്നെയും പഴയപടിയായി. രണ്ടു കിലോമീറ്ററോളം ദൂരമുളള റോഡ് ഗ്രാമപഞ്ചായത്തിന് കീഴിലാണ്. ടാർ ചയ്തിട്ട് പത്തു വർഷത്തോളമാകുന്നു. പിന്നീട് അറ്റകുറ്റപ്പണി നടന്നില്ല. ബസുകൾ കൂടാതെ ദിവസേന നൂറോളം വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്.
കണ്ണുതെറ്റിയാൽ 40 അടി താഴ്ചയിലേക്ക് വീണുപോകും
'' റോഡ് അടിയന്തരമായി പുനർനിർമിക്കണം.
അല്ലെങ്കിൽ വലിയ അപകടങ്ങളുണ്ടാകും.
മോഹനലാൽ, പ്രദേശവാസി.