വടശേരിക്കര- വാഹന മോഷണ ശ്രമം പരാജയപ്പെടുത്തിയ ആൾക്ക് 8 വർഷത്തിന് ശേഷം മോഷ്ടാവിന്റെ മർദ്ദനം.ഇടത്തറ സ്വദേശി ചരിവുകാലായിൽ വീട്ടിൽ രാജനാണ് (55) ചിറ്റാറിൽ വച്ച് മർദ്ദനമേറ്റത്. വാഹന മോഷണവും കഞ്ചാവ് കേസും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ ചിറ്റാർ സ്വദേശിയെ 8 വർഷങ്ങൾക്ക് മുമ്പ് രാജന്റെ ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ
പിടികൂടിയിരുന്നു. ബൈക്ക് തിരികെ കിട്ടിയതിനാൽ കേസ് നൽകിയില്ല.
കഴിഞ്ഞ ദിവസം ചിറ്റാർ കട്ടച്ചിറയിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോഴാണ് പഴയ വൈരാഗ്യം വച്ച് മർദ്ദിച്ചതെന്ന് രാജൻ പറഞ്ഞു. ഇവിടെയുള്ള കടയിൽ നിന്ന് സോഡാക്കുപ്പിയെടുത്ത് പൊട്ടിച്ച് രാജന്റെ തലയിൽ കുത്തുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് രാജനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.