ചെങ്ങന്നൂർ: പുലിയൂർ ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരുടെ സംഗമവും അനുമോദനയോഗവും നടന്നു. അനുമോദനയോഗം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ സുകുമാരപണിക്കർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അഡ്വ.ഡി.നാഗേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജ് ഫിലോസഫി വകുപ്പ് മുൻ മേധാവി പ്രൊഫ. ടി.ഗീത മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ്,യൂണിയൻ ഭരണസമിതിയംഗം ജയകുമാർ,ചെങ്ങന്നൂർ കാർഷിക വികസനബാങ്ക് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ, പന്തളം എൻ.എസ്.എസ് കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ.കെ.എൻ.ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ എൻഡോവ്‌മെന്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു. കരയോഗം സെക്രട്ടറി വി.കെ.പുരുഷോത്തമൻ പിളള,വൈസ് പ്രസിഡന്റ് എൻ.വിജയൻപിളള,ജോ.സെക്രട്ടറി ടി.എൻ.രാജഗോപാൽ, ട്രഷറർ സി.പി.ജയകുമാർ, മോഹൻ.സി.നായർ, സ്മിത രാജേഷ് എന്നിവർ പ്രസംഗിച്ചു. അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയിലൂടെ എം.ബി.ബി.എസിന് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ച ഐശ്വര്യ.എസ്.കുമാർ, വിദ്യാഭ്യാസകലാകായിക പ്രതിഭകൾ, രാമായണ പ്രശ്‌നോത്തരി വിജയികൾ എന്നിവരെ അനുമോദിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.