പത്തനംതിട്ട : ഉന്നതനിലവാരത്തിൽ നവീകരണം പൂർത്തിയായ വെണ്ണിക്കുളം - തടിയൂർ - റാന്നി റോഡിൽ അപകടം പതിവാകുന്നു. പല ഭാഗങ്ങളിലും അപകട മുന്നറിയിപ്പില്ലാത്തതാണ് വാഹനങ്ങൾ നിയന്ത്രണം തെറ്റാൻ പ്രധാന കാരണം. തെള്ളിയൂർക്കാവ് ജംഗ്ഷനിൽ റോഡ് വന്നുചേരുന്ന അമ്മിനിക്കാട് മുതൽ റാന്നി വരെയുള്ള 11 കിലോമീറ്റാണ് ഏറ്റവുമൊടുവിൽ ഉന്നതനിലവാരത്തിൽ പൂർത്തീകരിച്ചത്. 11കോടി രൂപയാണ് നിർമ്മാണച്ചെലവ്. 9.24 കോടി രൂപയ്ക്കാണ് കരാർ നൽകിയിരിക്കുന്നത്. ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തി വശങ്ങൾ വീതികൂട്ടി കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഓടകൾ ഉൾപ്പെടെ പൂർത്തീകരിച്ചു. ഇതോടൊപ്പം കലുങ്കുകൾ, പാരപ്പെറ്റുകൾ തുടങ്ങിയവയും നിർമ്മിച്ചു. എന്നാൽ നിർമ്മാണ പ്രക്രിയ പൂർത്തിയായപ്പോൾ റോഡ് അപകടക്കെണിയായി.
കടയാർ ജംഗ്ഷൻ മുതൽ തീയാടിക്കൽ വരെയുള്ള ഭാഗം അപകടം
കടയാർ ജംഗ്ഷൻ മുതൽ തീയാടിക്കൽ വരെയുള്ള ഭാഗത്താണ് ഏറെ അപകട സാദ്ധ്യത. വളവും ഇറക്കവുമാണ്. സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ ഇല്ലാതെയാണ് നിർമ്മാണം. വളവുകളിൽപോലും റോഡിന്റെ അരികുവരെ ടാറിംഗും കോൺക്രീറ്റിംഗും നടത്തിയിട്ടുണ്ട്. വേഗത്തിൽ വരുന്ന വാഹനങ്ങൾ താഴെയുള്ള കൊക്കയിലേക്ക് പോകാനുള്ള സാദ്ധ്യതയുണ്ട്. യാതൊരു മുന്നറിയിപ്പ് സംവിധാനങ്ങളും ഇവിടെയില്ല.വഴിവിളക്കുകളും പ്രകാശിക്കാറില്ല. റോഡ് മെച്ചപ്പെട്ടതോടെ വാഹനങ്ങൾ അമിതവേഗതയിലാണ് വളവുകൾ തിരിഞ്ഞെത്തുന്നത്. പ്ലാങ്കമൺ മുതൽ റാന്നി വരെയുള്ള ഭാഗത്ത് വളവുകൾ ഏറെയാണ്. ഇവിടെ വീതി കൂട്ടി ടാറിംഗ് നടത്തിയിട്ടില്ല. കട്ടിംഗുകൾ അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. പൂവൻമല ജംഗ്ഷനിൽ പൂർത്തിയാക്കിയിട്ടുള്ള ഓടയ്ക്കു മേൽമൂടി സ്ഥാപിച്ചിട്ടുണ്ട്. റോഡിനും ഓടയ്ക്കും ഇടയിൽ മേൽമൂടി എത്തിയപ്പോൾ കട്ടിംഗായി ഉയർന്നു നിൽക്കുന്നു. ഇത് കാരണം സൈഡിലേക്ക് വാഹനം ഒതുക്കി പാർക്ക് ചെയ്യാനോ സൈഡ് കൊടുക്കാനോ കഴിയാത്ത സ്ഥിതിയാണ്. തടിയൂർ ജംഗ്ഷനിലും സമാനമായ സാഹചര്യമുണ്ട്. പുളിമുക്ക് ജംഗ്ഷന് സമീപം ടാറിംഗ് പൂർത്തിയായപ്പോഴേക്കും കട്ടിംഗ് അപകട ഭീഷണി ഉയർത്തുന്നുണ്ട്.
നിർമാണച്ചെലവ് 11 കോടി
കരാർ നൽകിയിരിക്കുന്നത് 9.24 കോടി
റോഡിനും ഓടയ്ക്കും ഇടയിലെ മേൽമൂടി അപകടക്കെണിയായി,
വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല