പത്തനംതിട്ട : വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ഏറ്റെടുത്തു നടപ്പാക്കിയാൽ കേരളം മാത്രമല്ല രാജ്യം തന്നെ ദൈവത്തിന്റെ സ്വന്തം നാടായി മാറുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സംഘടിപ്പിച്ച സംയുക്ത ചതയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭ്രാന്താലയമായിരുന്ന കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിമാറ്റാൻ തുടക്കമിട്ടത് ഗുരുദേവനാണ്. രാജ്യവും ജനങ്ങളും വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ ഗുരുദേവ ദർശങ്ങളുടെ മൂല്യവും പ്രസക്തിയും വർദ്ധിച്ചുവരികയാണ്. ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും വർണ്ണത്തിന്റെയും പേരിൽ തമ്മിൽ അടിക്കുന്ന ജനങ്ങളിൽ ഐക്യവും യോജിപ്പും ഉണ്ടാകണം. ഇതിന് ഗുരുദേവ ദർശനങ്ങൾ കൊണ്ട് കഴിയും. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾക്ക് ലോകമെമ്പാടും പ്രസക്തിയുണ്ട്. ഗുരുവിന്റെ ദർശനങ്ങൾ ജീവിതത്തിൽ പകർത്തുന്നുണ്ടോയെന്ന് നാം ഓരോരുത്തരും ആത്മ പരിശോധന നടത്തണം. രക്തരഹിതമായ വിപ്ളവത്തിലൂടെയാണ് ഗുരുദേവൻ സാമൂഹ്യ നവോത്ഥാനം സാദ്ധ്യമാക്കിയത്. കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ പുരോഗതികളുടെയും അടിസ്ഥാനം ഗുരുദേവന്റെ പ്രവർത്തനങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരിമഠം ട്രഷറാർ സ്വാമി ശാരദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി ചതയദിന സന്ദേശം നൽകി. വീണാ ജോർജ്ജ് എം.എൽ.എ സമ്മാനദാനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, യോഗം അസി. സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിന്റ് സുനിൽ മംഗലത്ത്, യോഗം ഡയറക്ടർ സി.എൻ. വിക്രമൻ, യൂണിയൻ കൗൺസിലർമാരായ ജി.സോമനാഥൻ, പി.സലിംകുമാർ, പി.കെ.പ്രസന്നകുമാർ, കെ.എസ്. സുരേശൻ, എസ്.സജിനാഥ്, പി.വി.രണേഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്, യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ വി.ബി.അജേഷ്, എസ് . ഹരിലാൽ എന്നിവർ പ്രസംഗിച്ചു.