അടൂർ : നഗരത്തെ മഞ്ഞപ്പട്ടണിയിച്ച് ഗുരുദേവ സൂക്തങ്ങൾ ചൊല്ലി വീഥി നിറഞ്ഞൊഴുകിയ ഭക്തജനസഞ്ചയം ചതയദിനാഘോഷത്തെ ധന്യമാക്കി. എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ സംഘടിപ്പിച്ച സംയുക്ത ചതയദിനാഘോഷത്തിൽ ആയിരങ്ങൾ അണിനിരന്നപ്പോൾ സമീപകാലം നഗരം ദർശിച്ച ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയ്ക്ക് സാക്ഷിയായി. യൂണിയനിലെ 66 ശാഖകളിൽ നിന്നായി ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ശ്രീനാരായണീയർ നഗരത്തിലേക്ക് പ്രവഹിക്കുകയായിരുന്നു. മൂന്ന് മണിയോടെ പടിഞ്ഞാറൻ, മദ്ധ്യമേഖല എന്നിവിടങ്ങളിൽ നിന്നുള്ളവർ ഹൈസ്കൂൾ ജംഗ്ഷനിലും കിഴക്കൻ , കൊടുമൺ മേഖലയിൽ ഉള്ളവർ ബൈപാസിലുമായി അണിനിരന്നു. മൂന്നരയോടെ ഹൈസ്കൂൾ ജംഗ്ഷനിൽ യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ചതയദിന ഘോഷയാത്ര ഫ്ളാഗ് ഒഫ് ചെയ്തു. പഞ്ചവാദ്യ കലാകാരൻമാർക്ക് പിന്നിലായി ഗുരുദേവ വിഗ്രഹത്തോട് കൂടിയ രഥവും അതിന് പിന്നിലായി യൂണിയൻ നേതാക്കളും അതിന് പിന്നിലായി 165-ാമത് ജയന്തിയുടെ സന്ദേശം വിളിച്ചോതി പീതപതാകയേന്തിയ 165 വനിതകളും അണിനിരന്നു. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, കൺവീനർ അഡ്വ. മണ്ണടി മോഹൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം, വനിതാസംഘം കൺവീനർ ഇൻ ചാർജ്ജ് സുജാമുരളി, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുജിത്ത് മണ്ണടി, പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ വി. പ്രേംചന്ദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുസ്ളോവ് കൊടുമൺ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഉന്മേഷ് കൂടൽ, ജയകുമാരി, അനിൽ നെടുമ്പള്ളിൽ, ഹരികുമാർ പാടം, ബി. സുരേഷ് പറക്കോട് തുടങ്ങിയവർ പ്രധാന ബാനറിന് പിന്നിലായി അണിനിരന്നു.
ബാനറുകൾക്ക് പിന്നിലായി ശാഖാ പ്രവർത്തകർ, വാദ്യമേളങ്ങൾ, ശിങ്കാരിമേളം, ഫ്ളോട്ടുകൾ, ഗുരുദേവറിക്ഷ എന്നിവ അണിനിരന്നു. ഘോഷയാത്രയുടെ മുൻനിര സമാപനവേദിയായ യൂണിയൻ ആസ്ഥാനത്തെ ശ്രീനാരായണ നഗറിൽ എത്തിയപ്പോഴും ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നുള്ള പിൻനിര അവസാനിച്ചിരുന്നില്ല. പൊതുയോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ അഡ്വ.എം.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിമിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം ഘോഷയാത്രയിൽ മികവ് തെളിയിച്ച ശാഖകൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വനിതാസംഘം കൺവീനർ ഇൻ ചാർജ്ജ് സുജാമുരളി, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുജിത്ത് മണ്ണടി, പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ വി. പ്രേംചന്ദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സുസ്ളോവ് കൊടുമൺ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഉന്മേഷ് കൂടൽ, ജയകുമാരി, ഷീജാ രാജൻ, അനിൽ നെടുമ്പള്ളിൽ, ഹരികുമാർ പാടം എന്നിവർ പ്രസംഗിച്ചു. യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബി. സുരേഷ് പറക്കോട് നന്ദിയും പറഞ്ഞു.