തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2019 -20ലെ ബഡ്ജറ്റിന് സഭാ ആസ്ഥാനത്ത് നടന്ന വാർഷിക മണ്ഡലം അംഗീകാരം നൽകി. 146.35 കോടി രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആത്മായ ട്രസ്റ്റി പി.പി. അച്ചൻകുഞ്ഞ് അവതരിപ്പിച്ചു. പ്രകൃതി ദുരന്ത പുനരധിവാസ പദ്ധതിക്ക് 10 കോടി ബഡ്ജറ്റിൽ വകയിരുത്തി. വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്കായി 1.5 കോടി നീക്കിവച്ചു. മാരകരോഗങ്ങൾ ബാധിച്ചവർക്ക് സഹായം നൽകുന്ന സ്നേഹകരം പദ്ധതിക്ക് 60 ലക്ഷവും ഭിന്നലിംഗക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് 50 ലക്ഷവും വകയിരുത്തി. മാർത്തോമ്മാ സെന്റർ ഫോർ എക്സലൻസ് പദ്ധതിക്ക് 40 ലക്ഷം രൂപയും വിദ്യാഭ്യാസ ക്ഷേമ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയും നീക്കിവച്ചു.
സഭാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ഡോ.യുയാക്കിം മാർ കൂറിലോസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോത്തിയോസ്, ഡോ. ഐസക് മാർ പീലക്സിനോസ്, ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫ് എന്നിവർ പങ്കെടുത്തു. മാർത്തോമ്മാ മാനവസേവ അവാർഡ് റവ. തോമസ് പി. ജോർജിനും കർഷക അവാർഡ് കെ. ജേക്കബ് കുര്യനും സഭാദ്ധ്യക്ഷൻ സമ്മാനിച്ചു.