mc-road
നന്ദാവനം കവലയിൽ വീണ്ടും കലുങ്ക് തകർന്ന് കുഴിരൂപപ്പെട്ടതിനെ തുടർന്ന് നഗരസഭാ ചെയർമാനും പൊലീസും ചേർന്ന് റോഡ് അടച്ച് ഗതാഗതം വഴിതിരിച്ചുവിടുന്നു

ചെങ്ങന്നൂർ: കോടികൾ മുടക്കി അന്താരാഷ്ട്ര നിലവാരത്തിൽ കെ.എസ്.ടി.പി നിർമ്മാണം പൂർത്തിയാക്കിയ എം.സി റോഡിൽ കലുങ്ക് തകർന്ന് രൂപപ്പെട്ട ഗർത്തം അടച്ച് മണിക്കൂറുകൾക്കുളളിൽ വീണ്ടും തകർന്നത് ചെങ്ങന്നൂർ നഗരത്തിൽ ഗതഗതക്കുരുക്ക് രൂക്ഷമാക്കി. കഴിഞ്ഞ 11ന് രാത്രിയാണ് എം.സി റോഡിൽ കെ.എസ്.ടി.പി ആദ്യഘട്ടം നിർമ്മാണം പൂർത്തിയാക്കിയ നന്ദാവനം കവലയിൽ കലുങ്ക് ഇടിഞ്ഞുതാണ് വൻ കുഴി രൂപപ്പെട്ടത്. തുടർന്ന് 13ന് കെ.എസ്.ടി.പി അധികൃതർ കുഴിയടച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും രാത്രിയോടെ വീണ്ടും കലുങ്ക് ഇടിഞ്ഞു താണു. ഇതോടെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി ഇതുവഴിയുളള ഗതാഗതം തടഞ്ഞ് വഴിതിരിച്ചുവിട്ടു. ഇതോടെ ഇന്നലെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.

സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ എം.എൽ.എ സജി ചെറിയാനേയും കെ.എസ്.ടി.പി അധികൃതരേയും വിവരമറിയിച്ചു. എം.എൽ.എയുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ കെ.എസ്.ടി.പി ഉദ്യോഗസ്ഥർ കലുങ്ക് കടന്നുപോകുന്ന ഭാഗത്ത് വലിയ പൈപ്പ് സ്ഥാപിച്ച് മണർചാക്ക് അടുക്കി അതിനുമുകളിൽ ടാറിംഗ് നടത്തി വൈകിട്ട് 4 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.

23.80 കിലോമീറ്റർ ഭാഗം, നിർമ്മാണം ഉടൻ ആരംഭിക്കും

അടൂർ മുതൽ ചെങ്ങന്നൂർ വരെയുളള 23.80 കിലോമീറ്റർ ഭാഗം അപകടരഹിത ഇടനാഴിയിൽ ഉൾപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുവാനുളള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. ഈ പദ്ധതിയിൽ നിലവിൽ തകർച്ച നേരിടുന്ന കലുങ്കുകളും ഓടകളുടെയും നിർമ്മാണം നടക്കും. ഇക്കാരണത്താലാണ് താൽക്കാലിക സംവിധാനമൊരുക്കി ഗതാഗതം പുന:സ്ഥാപിച്ചതെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു. അടിക്കടി എം.സി റോഡ് തകരുന്നത് നഗരത്തിൽ വൻ ഗതാഗതക്കുരുക്കിനാണ് വഴിവെക്കുന്നത്. നഗരത്തിലെ വീതികുറഞ്ഞ എം.സി റോഡിൽ സമാന്തരമായി മറ്റ് പാതകളില്ലാത്തതും ബൈപ്പാസുകളുടെ നിർമ്മാണം പൂർത്തിയാക്കാത്തതും ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകൾ വാഹനഗതാഗതം നിശ്ചലമാകുകയാണ്.