aranyakam

തണ്ണിത്തോട്: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെത്തുന്ന സന്ദർശകർക്ക് ഭക്ഷണമൊരുക്കി ശ്രദ്ധനേടുകയാണ് എലിമുള്ളംപ്ലാക്കൽ വന സംരക്ഷണ സമിതിയുടെ സ്ത്രീകൾ നടത്തുന്ന ആരണ്യകം ഇക്കോ ഷോപ്പ് . കോന്നി​ - തണ്ണിത്തോട് റോഡരുകിലെ വനത്തിൽ പേരു വാലിയിലാണ് പത്ത് സ്ത്രീകളുടെ കൂട്ടായ്മയിൽ ഉടലെടുത്ത ഈ സംരഭം. അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ആരണ്യകം ഹോട്ടൽ 2016 ലാണ് തുടങ്ങിയത്. പ്രകൃതിദത്ത വസ്തുക്കളായ പുല്ലും, മുളയും മാത്രമുപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വനപാതയിലെ കുടിലാണ് ആരണ്യകം. അഞ്ചു പേർ ചേർന്ന രണ്ട് ഗ്രൂപ്പുകൾ ഒന്നിടവിട്ട ദിവസങ്ങളിലായാണ് ഇവിടെ പ്രവർത്തിക്കുന്നത്. കടുംപച്ച നിറമുള്ള യൂണിഫോമുമുണ്ട് ഇവർക്ക്. വരവു ​ ചെലവു കണക്കുകൾ മാസം തോറും കൂട്ടി ലാഭവിഹിതം പത്ത് പേരും ചേർന്ന് പങ്കിട്ടെടുക്കുകയാണ് പതിവ്. ചായയും കാപ്പിയും മാത്രമേ ഇവിടെ തയ്യാറാക്കുന്നുള്ളൂ. മറ്റുള്ള ഭക്ഷണ പദാർത്ഥങ്ങളെല്ലാം അംഗങ്ങൾ വീട്ടിൽ നിന്ന് തയ്യാറാക്കി കൊണ്ടുവരികയാണ്. ആരണ്യകത്തിൽ ഈ ഓണ സീസണിൽ നല്ല വരുമാനം ലഭിച്ചതായും സന്ദർശകരിലേറെയും കപ്പയും മീൻ കറിയുമാണാവശ്യപ്പെടുന്നതെന്നും സമിതിയംഗങ്ങൾ പറഞ്ഞു. ഊണ്, ചപ്പാത്തി, ദോശ, പൂരി, ഇഡ്ഡലി,കപ്പ, മീൻ കറി, മീൻ വറുത്തത് , വെജിറ്റബിൾ കറി, ചിക്കൻ കറി, ചിക്കൻ ഫ്രൈ, ബീഫ് കറി, ബീഫ് ഫ്രൈ, പഴംപൊരി, ഉഴുന്ന് വട, ഉള്ളി വട, കുമ്പിളപ്പം തുടങ്ങി 28 ൽ പരം ഭക്ഷണ സാധനങ്ങൾ ഇവിടെ ലഭിക്കും. പേരു വാലിയിലെ ബാബൂ ട്രീഹട്ടും ഇതിന് സമീപത്താണ്.