പത്തനംതിട്ട: പമ്പാനദിയിൽ നിറച്ചാർത്തൊരുക്കി പാരമ്പര്യത്തനിമയിൽ ഉത്രട്ടാതി വള്ളംകളി ഇന്ന് ആറൻമുളയിൽ നടക്കും. 52 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന എ, ബി ബാച്ച് പള്ളിയോടങ്ങൾക്ക് മന്നം ട്രോഫി സമ്മാനിക്കും. എ ബാച്ച് പള്ളിയോടങ്ങളിൽ ഏറ്റവും നല്ല ചമയത്തിന് എസ്.എൻ.ഡി.പി യോഗം ഏർപ്പെടുത്തിയ ആർ. ശങ്കർ ട്രോഫി സമ്മാനിക്കും. ബി ബാച്ചിലെ മികച്ച ചമയത്തിന് ആറൻമുള പൊന്നമ്മ സ്മാരക ട്രോഫിയും നൽകും.
ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി അദ്ധ്യക്ഷത വഹിക്കും. രാമപുരത്ത് വാര്യർ അവാർഡ് എസ്. രമേശൻ നായർക്ക് വനം വകുപ്പ് മന്ത്രി കെ. രാജു സമ്മാനിക്കും. സ്വാമി ഗോലോകാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സ്മരണികയുടെ പ്രകാശനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നിർവഹിക്കും. പള്ളിയോട ശില്പി അയിരൂർ സന്തോഷ് ആചാരിയെയും വഞ്ചിപ്പാട്ട് ആചാര്യൻ മേലുകര ശശിധരൻ നായരെയും പള്ളിയോട യുവ ശില്പി വിഷ്ണു വേണു ആചാരിയെയും ആദരിക്കും. ആന്റോ ആന്റണി എം.പി, വീണാജോർജ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി തുടങ്ങിയവർ പങ്കെടുക്കും.