മല്ലപ്പള്ളി: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ബാലോത്സവത്തിന്റെ മല്ലപ്പള്ളി താലൂക്കുതല മത്സരങ്ങൾ നടന്നു. മഹാകവി വെണ്ണിക്കുളം റഫറൻസ് ലൈബ്രറിയിലെ ഒ.കെ.ഗിരീഷ് നഗറിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളുടെ ഉദ്ഘാടനം ഗായകൻ സുമേഷ് മല്ലപ്പള്ളി നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ജിനോയ് ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി തോമസ് മാത്യു, ജോസ് കുറഞ്ഞൂർ, വിജോയ് പുത്തോട്ടിൽ, പി.പി. ഉണ്ണിക്കൃഷ്ണൻ നായർ, ബി. വിനയസാഗർ, ഓമനക്കുട്ടിയമ്മ, ഒ.കെ.അഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തുതല ബാലോത്സവങ്ങളിൽ വിജയികളായ വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.