ആറൻമുള: അമരത്ത് വർണച്ചാർത്തണിഞ്ഞ്, കൊടി പാറിച്ച്, മുത്തുക്കുടകൾ ചൂടി, വഞ്ചിപ്പാട്ടിന്റെ താളലയത്തിൽ തുഴയെറിഞ്ഞ് നീങ്ങുന്ന പള്ളിയോടങ്ങളുടെ എഴുന്നെള്ളത്ത് കാണാൻ ഓണനാളിലെ ഉത്രട്ടാതി ദിനത്തിൽ ആറന്മുളയിലെത്തുന്നത് ലക്ഷങ്ങളാണ്.
കഴിഞ്ഞ ഒരു വർഷമായി പമ്പാതീരത്തെ വള്ളപ്പുരകളിൽ ഉറങ്ങിയിരുന്ന പള്ളിയോടങ്ങൾ ആറന്മുളയിൽ നടന്നുവരുന്ന വള്ളസദ്യയിൽ പങ്കെടുക്കാനായി നേരത്തെ ഉണർന്നിരുന്നു.
തുഴച്ചിൽക്കാരും വഞ്ചിപ്പാട്ടുകാരും അമരക്കാരും തയ്യാറായി. വഞ്ചിപ്പാട്ടിന്റെ ഈരടികൾ പമ്പാതീരത്ത് ഉയരുന്നു.
രാവിലെ ഒൻപതിന് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഭദ്രദീപം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ജലോത്സവവേദിയായ സത്രക്കടവിലേക്ക് ആരംഭിക്കും. 10ന് സത്രത്തിലെ പവലിയന് സമീപമുള്ള വേദിയിൽ ജില്ലാ കളക്ടർ പി.ബി.നൂഹ് പതാകയുയർത്തും. ഒന്നിന് വിശിഷ്ട അതിഥികൾക്ക് സ്വീകരണം. തുടർന്ന്
സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജലോത്സവത്തിന്റെ ഉദ്ഘാടനം ഭദ്രദീപം കൊളുത്തി നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം വാട്ടർ സ്റ്റേഡിയത്തിലേക്ക് തിരുവോണത്തോണി വരവ്, അവതരണ കലകൾ തുടങ്ങിയവയും ജലഘോഷയാത്രയും നടക്കും.
>>>
പുതിയ മാനദണ്ഡം
പുതിയ മാനദണ്ഡം അനുസരിച്ചാണ് ഇത്തവണ മൽസരം നടക്കുക. ആറൻമുളയുടെ തനത് ശൈലിയിലുള്ള വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം, വേഷവിധാനം, അച്ചടക്കം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. ഇവ പരിശോധിക്കുന്നതിനായി വിധികർത്താക്കളുടെ പാനൽ തയ്യാറാക്കി. അഞ്ച് മാനദണ്ഡങ്ങൾക്കും പ്രത്യേകം മാർക്ക് നൽകും. വിജയിയെ നിശ്ചയിക്കാൻ അതിന്റെ ആകെ തുക പരിഗണിക്കും.
ഈ വർഷം പുതുതായി ഏർപ്പെടുത്തിയ ചെമ്പകശ്ശേരി കുടുംബത്തിന്റെ 1350 ഗ്രാം വെള്ളിയിൽ തീർത്ത ട്രോഫി, പള്ളിയോട പ്രതിനിധിയായിരുന്ന വിനോദിന്റെ സ്മരണയ്ക്കായുള്ള ട്രോഫി, പൂവത്തൂർ കിഴക്ക് പള്ളിയോടത്തിന്റെ ക്യാപ്ടനായിരുന്ന അനീഷ് പി .അരവിന്ദിന്റെ സ്മരണയ്ക്കായുള്ള ട്രോഫി എന്നിവയും വിവിധ ഇനങ്ങളിലെ വിജയികൾക്ക് സമ്മാനിക്കും.
>>
എെതീഹ്യവും ചരിത്രവും
ആറന്മുള ജലമേളയുടെ ഉത്ഭവത്തിന് പിന്നിൽ ഐതിഹ്യവും ചരിത്രവും ഇഴ ചേർന്നിട്ടുണ്ട്.
പാർത്ഥസാരഥിയായ ഭഗവാൻ ഒരിക്കൽ ശബരിമലയ്ക്കടുത്തുള്ള നിലയ്ക്കലിൽ നിന്ന് പമ്പാനദിയിലൂടെ ആറ് മുള കെട്ടിയ ചങ്ങാടത്തിൽ യാത്രയായി. പമ്പാതീരത്ത് വിളക്ക് കണ്ട സ്ഥലത്ത് ഭഗവാൻ കയറി ഇരുന്നു. ഈ സ്ഥലം വിളക്ക് മാടം എന്ന് അറിയപ്പെട്ടു. ഭഗവൽ സാന്നിദ്ധ്യം മനസ്സിലാക്കിയ ജനങ്ങൾ കിഴക്ക് മാറി ക്ഷേത്രം പണിതു. ഇതാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം. ഇവിടെ അർജ്ജുനൻ പ്രതിഷ്ഠ നടത്തിയെന്നാണ് വിശ്വാസം.
ആറന്മുള ക്ഷേത്രത്തിന് പത്ത് കിലോമീറ്റർ കിഴക്ക് മാറിയുള്ള കാട്ടൂരിൽ ഒരു ഭട്ടതിരി താമസിച്ചിരുന്നു. അദ്ദേഹം എല്ലാ തിരുവോണത്തിനും ബ്രാഹ്മണർക്ക് സദ്യ നൽകിയിരുന്നു. ഒരു ചിങ്ങമാസത്തിലെ തിരുവോണനാളിൽ കാട്ടൂർ മഠത്തിൽ ബ്രാഹ്മണർ ആരും എത്തിയില്ല. ദുഃഖിതനായ ഭട്ടതിരി ആറന്മുള ഭഗവാനെ മനസ്സിൽ ധ്യാനിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ബ്രാഹ്മണ ബാലൻ മഠത്തിൽ എത്തി. ഭട്ടതിരി സന്തോഷത്തോടെ ബാലന് തിരുവോണ സദ്യ നൽകി. അടുത്ത തിരുവോണം മുതൽ തനിക്കുള്ള വിഭവങ്ങൾ ആറന്മുളയിലെത്തിക്കണമെന്ന് സ്വപ്നദർശനത്തിലൂടെ ഭട്ടതിരിയെ അറിയിച്ചു. പകൽ മഠത്തിൽ എത്തി സദ്യ കഴിച്ചത് ആറന്മുള ദേവൻ ആയിരുന്നുവെന്ന് ഭട്ടതിരിക്ക് ബോധ്യമായി.
പിറ്റേക്കൊല്ലം മുതൽ ഭട്ടതിരി തോണിയിൽ കയറി തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി ആറന്മുള ക്ഷേത്രത്തിലേക്ക് പോയിത്തുടങ്ങി. ഒരിക്കൽ തോണിയിൽ പോകുകയായിരുന്ന ഭട്ടതിരിയെ അയിരൂർ കടവിൽ വെച്ച് ചിലർ ആക്രമിച്ചു. കാട്ടൂരിൽ നിന്നും നാട്ടുകാരെത്തി തോണിയേയും ഭട്ടതിരിയേയും രക്ഷിച്ച് ആറന്മുളയിലേക്ക് കൊണ്ടുപോയി. ഉത്രാടം നാൾ സന്ധ്യയ്ക്കായിരുന്നു ഭട്ടതിരിയുടെ ആറന്മുളയിലേക്കുള്ള യാത്ര.
പിറ്റേവർഷം മുതൽ കാട്ടൂർ കരക്കാരോടൊപ്പം പമ്പാതീരത്തെ മറ്റ് നിരവധി കരക്കാരും വള്ളങ്ങളിൽ കയറി തിരുവോണത്തോണിക്ക് അകമ്പടി സേവിച്ച് പോന്നു.
തിരുവോണത്തോണിക്ക് അകമ്പടി പോകുന്നതിന്, കൂടുതൽ ആളുകൾക്ക് കയറാവുന്ന തരത്തിലുള്ള വള്ളങ്ങൾ പണിയുന്നതിന് ഭട്ടതിരി ചെമ്പകശ്ശേരി രാജാവുമായി ആലോചിച്ചു. ചെമ്പകശ്ശേരി രാജാവിന് അക്കാലത്ത് 'വള്ളപ്പട' ഉണ്ടായിരുന്നു. സൈന്യം വലിയ വള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇത്തരം വള്ളങ്ങൾ മോടിയിൽ പണിത് തിരുവോണത്തോണിക്ക് അകമ്പടി പോകുന്നതിന് തീരുമാനിച്ചു.
വള്ളം പണിയുന്നതിന് തച്ചൻമാരുടെ സഹായം തേടി. അങ്ങനെ ചുണ്ടൻവള്ളങ്ങളിൽ നിന്ന് വ്യത്യസ്ഥതയുള്ള ആറന്മുള പള്ളിയോടങ്ങൾ പിറന്നു. തിരുവോണത്തോണിക്ക് അകമ്പടി പോകുന്നത് രാത്രിയിലായതിനാൽ ജനങ്ങൾക്ക് പള്ളിയോടങ്ങൾ കാണുന്നതിന് അസൗകര്യം ആയി. ഇതിന് പരിഹാരമായി പകൽ പമ്പാ നദിയിൽ പള്ളിയോടങ്ങളുടെ എഴുന്നെള്ളത്ത് നടത്തുന്നതിന് തീരുമാനിച്ചു. ഇതിനായി ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും പ്രതിഷ്ഠ നടത്തിയ അർജ്ജുനന്റെ പിറന്നാൾ ദിവസവുമായ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാൾ തെരഞ്ഞെടുത്തു. ഉത്രട്ടാതി നാളിലെ പള്ളിയോടങ്ങളുടെ പമ്പയിലൂടെയുള്ള ഈ എഴുന്നെള്ളത്താണ് പിന്നീട് പ്രശസ്തമായ ആറന്മുള വള്ളംകളിയായി മാറിയത്.
പാർത്ഥസാരഥിയുടെ സാന്നിദ്ധ്യം ഈ വള്ളങ്ങളിലുണ്ടെന്ന് വിശ്വസിക്കുന്നതിനാലാണ് ആറന്മുള വള്ളങ്ങളെ ആറന്മുള പള്ളിയോടങ്ങൾ എന്ന് വിളിക്കുന്നത്. പാർത്ഥസാരഥി പള്ളികൊള്ളുന്ന ഓടം എന്നർത്ഥം.
>>>
ആകർഷകമായ പളളിയോടങ്ങൾ
ആകൃതികൊണ്ട് ആകർഷകമാണ് ആറന്മുള പള്ളിയോടങ്ങൾ. അൻപതിൽപ്പരം കോൽ നീളമുള്ളതാണ് പള്ളിയോടങ്ങൾ. പള്ളിയോടങ്ങൾക്ക് നാല് അമരക്കാരാണ് ഉള്ളത്. ഇവർ ഉപയോഗിക്കുന്ന നാല് അട നയമ്പുകൾ നാല് വേദത്തെ പ്രതിനിധീകരിക്കുന്നുവെന്നാണ് വിശ്വാസം.
രണ്ട് വരിയായി ഓരോ വള്ളത്തിലും നൂറോളം തുഴച്ചിൽകാരും നടുഭാഗത്ത് നിലയാളുകളും വെടിത്തടിയിൽ വാദ്യമേളക്കാരുമാണ് ഉണ്ടാകുക
പള്ളിയോടങ്ങളുടെ അമരവും 'കൂമ്പും' (മുൻഭാഗം) ജലനിരപ്പിൽ നിന്ന് ഉയർന്നാണ് ഇരിക്കുന്നത്.
പള്ളിയോടങ്ങളിൽ ഈശ്വരസാന്നിദ്ധ്യം ഉള്ളതിനാൽ പള്ളിയോടവുമായി ബന്ധപ്പെട്ട് വഴിപാടും ഭക്തജനങ്ങൾ നടത്താറുണ്ട്. ഇതിൽ പ്രധാനമാണ് ആറന്മുള വള്ളസദ്യ. പള്ളിയോടങ്ങളെ ആറന്മുളയിലെത്തിച്ച തുഴച്ചിൽക്കാർക്ക് ക്ഷേത്രത്തിൽ വെച്ച് വിഭവസമൃദ്ധമായ സദ്യ നൽകുന്നതാണ് ഈ വഴിപാട്. ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനാണ് ഭക്തജനങ്ങൾ വള്ളസദ്യ വഴിപാടായി നടത്തുന്നത്.
പള്ളിയോടങ്ങൾക്ക് വെറ്റ, പുകയില, അവൽപ്പൊതി എന്നിവ നൽകുന്നതും വഴിപാടാണ്. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടാണ് ആറന്മുളയിൽ ഉയരുന്നത്. ചരിത്രമുണർത്തുന്ന തിരുവോണത്തോണിയും ആറന്മുള വള്ളംകളിയിൽ പങ്കെടുക്കാറുണ്ട്. ആറന്മുള പള്ളിയോട സേവാസംഘം എന്ന സംഘടനയാണ് വള്ളംകളിക്ക് നേതൃത്വം നൽകുന്നത്.