biscuits
ബിസ്ക്കറ്റിനുളളിൽ കണ്ടെത്തിയ പ്ലാസ്റ്റിക് നാര്

ചെങ്ങന്നൂർ: ഒരു വയസുകാരന് കൊടുക്കാൻ വാങ്ങിയ ബിസ്‌ക്കറ്റിനുള്ളിൽ നീളമുള്ള പ്ലാസ്റ്റിക് നാര് കണ്ടെത്തി. ചെങ്ങന്നൂർ പാണ്ഡവൻപാറ ടോണി വില്ലയിൽ ടോണി തോമസിന്റെ മകൻ ലിയോണിന് നൽകാൻ വാങ്ങിയ ബിസ്‌കറ്റിനുള്ളിലാണ് പ്ലാസ്റ്റിക് കണ്ടത്. കുട്ടിക്ക് കൊടുക്കാൻ വേണ്ടി ബിസ്‌ക്കറ്റ് പൊടിക്കുന്നതിനിടെയാണ് നാര് ശ്രദ്ധയിൽ പെട്ടത്. ആറ് സെന്റീമീറ്റർ നീളം വരുന്നതാണിത്. ഓഗസ്റ്റ് 25ന് ചെങ്ങന്നൂർ നഗരത്തിലെ കടയിൽ നിന്നാണ് ബിസ്‌ക്കറ്റ് പാക്കറ്റ് വാങ്ങിയത്. നാര് കണ്ടതിനെ തുടർന്ന് അന്ന് രാത്രി തന്നെ പാക്കറ്റിലെ കവറിൽ ഉണ്ടായിരുന്ന മേൽവിലാസത്തിൽ സംഭവം വിശദീകരിച്ച് ചിത്രം സഹിതം ബിസ്‌ക്കറ്റ് കമ്പനിക്ക് മെയിൽ അയച്ചിരുന്നു. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് അവരുടെ പ്രതികരണം വന്നത്. ബിസ്‌ക്കറ്റ് കമ്പനിയുടെ പ്രതികരണം ഉപഭോക്താവിനുണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു. കൂടുതൽ അന്വേഷണങ്ങൾക്ക് ബിസ്‌ക്കറ്റ് പാക്കറ്റിലെ ക്രമനമ്പറും പാക്കിംഗ് തീയതിയും കൂടി അയച്ചു തരണം. ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സമീപിക്കുംവരേ ബിസ്‌ക്കറ്റ് പാക്കറ്റ് സൂക്ഷിച്ചു വയ്ക്കണമെന്നുമാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.