kacheripady

പത്തനംതിട്ട : കോട്ടയം - കോഴഞ്ചേരി സ്ഥാനപാതയിലൂടെ യാത്ര ചെയ്യണമെങ്കിൽ സാഹസികനാകണം. വലിയ കുഴികൾ ചാടിക്കടന്നുള്ള യാത്ര നടുവൊടിക്കും. ദുസഹമായ യാത്ര കാരണം പലരും ഈ റോഡ് ഉപേക്ഷിച്ച മട്ടാണ്. കെ.എസ്.ആർ.ടി.സി ചെയിൽ സർവീസ് നടത്തുന്ന റോഡാണിത്. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങളിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വലിയ കുഴിയിൽ വീണുള്ള അപകടം പതിവാണ്. വാഹനങ്ങൾക്കും തകരാർ സംഭവിക്കുന്നു. പുറമറ്റം, കുമ്പനാട്, തുരുത്തിക്കാട്, ചെറുകോൽപ്പുഴ, കോമളം തുടങ്ങിയ സമാന്തര റോഡുകളിലൂടെയാണ് ഇപ്പോൾ കൂടുതൽ വാഹനങ്ങളും പോകുന്നത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും വഴിയറിയാതെ പെടുന്നവരും ഒഴിച്ചാൽ ഈ റോഡിലൂടെ സഞ്ചരിക്കാൻ ആരും തയാറല്ല. ബസ് സർവീസിനും ഈ റോഡ് കെണി ആവുന്നുണ്ട്. ദിവസവും വാഹനം പണിയേണ്ട ഗതികേടാണുള്ളത്.

വലിയ ഗർത്തങ്ങൾ

വെണ്ണിക്കുളം സബ് രജിസ്ട്രാർ പടി, കീഴ്വായ്പൂർ, നെയ്തേലിപ്പടി, ചാലുവാതിൽക്കൽ എന്നിവിടങ്ങളിൽ

15 കോടി രൂപ കേന്ദ്ര ഫണ്ട്

റോഡ് നിർമാണത്തിനായി

അനുവദിച്ചിരുന്നു

പൈപ്പിട്ട് പാര പണിതു !

ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിച്ചതിന് ശേഷമാണ് റോഡ് പൂർണമായി തകർന്നത്. പൈപ്പ് ഇടാൻ കുഴിച്ച റോഡുകൾ ടാർ ചെയ്യുകയോ നിരപ്പാക്കുകയോ ചെയ്തിട്ടില്ല. റോഡിലേക്ക് എടുത്തിട്ട മണ്ണ് അത് പോലെ ഉറയ്ക്കുകയായിരുന്നു.

" വലിയൊരു അപകടം ഉണ്ടാകുന്നത് വരെ അധികാരികൾ കണ്ണടയ്ക്കും. കോഴഞ്ചേരി - മല്ലപ്പള്ളി റൂട്ടിലുള്ള യാത്രക്കാരുടെ നടുവൊടിയുകയാണ്. കുഴികളിൽ വീണ് കൈയൊടിയുന്നവരും ഉണ്ട്. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണം. "

രമേശ് ( പ്രദേശവാസി)

മല്ലപ്പള്ളി - വെണ്ണിക്കുളം - പുല്ലാട് റോഡിലൂടെ വീട്ടിലേക്ക് നടന്നുപോയ ആൾക്ക് കച്ചേരിപടിയിലെ കുഴിയിൽ വീണ് കൈയ്ക്ക് പരിക്കേറ്റു. വെണ്ണിക്കുളത്തുള്ള കടയിലെ ജീവനക്കാരൻ ഷാജിക്കാണ് പരിക്കേറ്റത്. ഇങ്ങനെ നിരവധി പേർക്കാണ് ഇവിടെ അപകടം സംഭവിച്ചിരിക്കുന്നത്.