കോട്ടാങ്ങൽ: ഭദ്രകാളി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളോട് അനുബന്ധിച്ചുള്ള നാലമ്പലം ചെമ്പു പൊതിയൽ ചടങ്ങ് ആരംഭിച്ചു. ഇതോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രസന്നിധിയിൽ ചേർന്ന യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. കോട്ടാങ്ങൽ ദേവസ്വം ചെയർമാൻ മോഹൻ കെ നായർ അദ്ധ്യക്ഷത വഹിച്ചു. രാജു ഏബ്രഹാം എം.എൽ.എ, ഡോ.എൻ. ജയരാജ് എന്നിവർ ചേർന്ന് തച്ചൻമാർക്ക് ആദ്യ ചെമ്പോല നൽകി. തുടർന്ന് ഭക്ത ജനങ്ങളുടെ പ്രാർത്ഥനയുടെ അകമ്പടിയോടെ ആദ്യ ചെമ്പോല തച്ചൻ ഉറപ്പിച്ചപ്പോൾ അനുഗ്രഹ വർഷം തൂകി മഴ പെയ്തു. വിശ്വാസപരമായും, സാംസ്‌കാരികപരമായും ഒന്നായി കഴിയുന്ന ജില്ലയിലെ കോട്ടാങ്ങൽ പ്രദേശവും, കോട്ടയം ജില്ലയിലെ വെള്ളാവൂർ പ്രദേശവും തമ്മിൽ ബന്ധപ്പെടുന്നതിന് പുത്തൂർ കടവിൽ ഇരുകരകളെയും ബന്ധിപ്പിച്ച് ഒരു പാലം വേണമെന്നുള്ള ജനങ്ങളുടെ ചിരകാല അഭിലാഷം, പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം കമ്മിറ്റി രാജു ഏബ്രഹാം എം.എൽ.എ,എൻ.ജയരാജ് എം.എൽ.എ എന്നിവർക്കു നിവേദനം നൽകി. വിഷയം പരിഗണിക്കാമെന്ന് ഇരു എം.എൽ.എമാരും യോഗത്തിൽ ഉറപ്പ് നൽകിയത് ഹർഷാരവത്തോടെ സദസ് സ്വീകരിച്ചു. യോഗത്തിൽ കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ദേവരാജൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.സതീഷ്, പഞ്ചായത്ത് അംഗങ്ങളായ ഇ .കെ അജി ഇലത്തോട്ടത്തിൽ,എബിൻ ബാബു ,ടി.എൻ. വിജയൻ, ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി ഗോപിദാസ്,കോട്ടാങ്ങൽ പടയണി കമ്മിറ്റി രക്ഷാധികാരി കെ.ജി. ഫൽഗുനൻ, കുളത്തൂർ പടയണിക്കമ്മിറ്റി സെക്രട്ടറി ടി.എ. വാസുക്കുട്ടൻ നായർ, ദേവസ്വം സെക്രട്ടറി ടി.സുനിൽ, വൈസ് ചെയർമാൻ സുനിൽ വെള്ളിക്കര, ജോയിന്റ് സെക്രട്ടറി സജി കുമാർ വയലാമണ്ണിൽ, ട്രഷറർ രാജീവ് ചളുകാട്ട് ഭരണ സമിതി അംഗം ഹരികുമാർ കെ.കെ എന്നിവർ പ്രസംഗിച്ചു.