ആറന്മുള ജലോത്സവം ലോകത്തിന് മുന്നിൽ എത്തിക്കും

ആറന്മുള: ഉത്രട്ടാതി ജലമേള ലോകത്തിന് മുന്നിൽ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്ന് ദേവസ്വം​ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സത്രക്കടവിൽ ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്ത വർഷം ഇതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും.
നൂറിലധികം ജലോത്സവങ്ങൾ സംസ്ഥാനത്ത് നടക്കുന്നുണ്ട്. അത്തരം ജലോത്സവങ്ങളെ കോർത്തിണക്കി സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്​കരിച്ചിരിക്കുന്നതാണ് ചാമ്പ്യൻസ് ബോട്ട് ലീഗ്. മത്സരത്തിന്റെ ഭാഗമായല്ല, ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായാണ് ആറന്മുള ജലോത്സവം നടത്തുന്നത്. അതിനാലാണ് ഐ.പി.എൽ മാതൃകയിലുള്ള ഈ ലീഗിൽ ആറന്മുള ജലോത്സവത്തെ ഉൾപ്പെടുത്താതിരുന്നത്. ടൂറിസം കലണ്ടറിൽ ഇടംനേടിയ ആറന്മുള വള്ളംകളിയെ തനിമ നഷ്ടപ്പെടുത്താതെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടതെല്ലാം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ട്. ആറന്മുള ജലോത്സവം മികച്ച രീതിയിൽ നടത്തുന്നതിന് സർക്കാർ ഇനിയും സഹായം ചെയ്യും.
ആറന്മുളയിൽ പൈതൃക ടൂറിസത്തിനു പ്രാധാന്യം നൽകുന്നിന് ആവശ്യമായ നടപടികൾ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സര വള്ളംകളിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ രാജു നിർവഹിച്ചു. കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർക്ക് രാമപുരത്ത് വാര്യർ അവാർഡ് വനം വകുപ്പ് മന്ത്രി കെ.രാജു സമ്മാനിച്ചു. വഞ്ചിപ്പാട്ട് ആചാര്യൻ മേലുകര ശശിധരൻ നായരെ ആന്റോ ആന്റണി എം.പി ആദരിച്ചു. മുഖ്യശിൽപ്പി അയിരൂർ സതീഷ് ആചാരിയെ വീണാ ജോർജ് എം.എൽ.എ ആദരിച്ചു. എംഎൽഎമാരായ രാജു ഏബ്രഹാം, സജി ചെറിയാൻ എന്നിവർ ആശംസകൾ നേർന്നു. പള്ളിയോട യുവശിൽപ്പി വിഷ്ണു വേണു ആചാരിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി ആദരിച്ചു.
സുവനീർ പ്രകാശനം ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ സുവനീർ കമ്മിറ്റി കൺവീനർ കെ.പി സോമന് നൽകി നിർവഹിച്ചു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗോലോകാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ എൻ.എസ്.എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ നൽകി. ജില്ലാ കളക്ടർ പി ബി നൂഹ്, ജില്ലാ പൊലീസ് മേധാവി ജി. ജയ്‌​ദേവ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർമാരായ കെ.പി. ശങ്കർദാസ്, അഡ്വ. വിജയകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ പി. പ്രസാദ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ. കൃഷ്ണകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ, മുൻ എം.എൽ.എമാരായ കെ.സി.രാജഗോപാലൻ, അഡ്വ.കെ. ശിവദാസൻ നായർ, മാലേത്ത് സരളാദേവി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.പി.ജയൻ, അശോകൻ കുളനട, പ്രൊഫ.ടി.കെ.ജി നായർ, വിക്ടർ ടി. തോമസ്, കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ ബോർഡ് അംഗം ബി. രാധാകൃഷ്ണ മേനോൻ, പള്ളിയോട സേവാസംഘം സെക്രട്ടറി പി ആർ.രാധാകൃഷ്ണൻ, എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർമാരായ ഹരികുമാർ കോയിക്കൽ, ഡി. അനിൽകുമാർ, എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റുമാരായ പി.എൻ. സുകുമാര പണിക്കർ, അഡ്വ.സി.എൻ. സോമനാഥൻ നായർ, അഡ്വ. വി.ആർ. രാധാകൃഷ്ണൻ, എൻ.എസ്.എസ് രജിസ്ട്രാർ പി.എൻ. സുരേഷ്, അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമഹാ മണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, പള്ളിയോട സേവാസംഘം വൈസ് പ്രസിഡന്റ് സുരേഷ് ജി. പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്നലെ രാവിലെ ആറന്മുള സത്രത്തിലെ പവലിയന് സമീപമുള്ള വേദിയിൽ ജില്ലാ കളക്ടർ പി.ബി.നൂഹ് പതാക ഉയർത്തി. ഉദ്ഘാടനത്തിന് ശേഷം വാട്ടർ സ്റ്റേഡിയത്തിൽ തിരുവോണത്തോണി വരവ്, അവതരണ കലകൾ, ജലഘോഷയാത്ര എന്നിവ നടന്നു.

ആറന്മുള ജലോത്സവത്തിന് എല്ലാ സഹായവും

പിന്തുണയും നൽകും: മന്ത്രി കെ.രാജു
പ​ത്ത​നം​തിട്ട: ആറന്മുള ജലോത്സവം കൂടുതൽ മികച്ച രീതിയിൽ നടത്തുന്നതിന് എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സത്രക്കടവിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് നടത്തിയ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആറന്മുള ജലോത്സവത്തിന് കൂടുതൽ സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാന മന്ത്രിസഭയിൽ തീരുമാനം എടുക്കുന്നതിന് മന്ത്രി എന്ന നിലയിൽ പൂർണ പിന്തുണ നൽകും. ജലോത്സവത്തിനായി ഗ്രാന്റ് അഞ്ച് ലക്ഷം രൂപയെന്നത് 10 ലക്ഷം രൂപയാക്കി സംസ്ഥാന സർക്കാർ ഉയർത്തിയിട്ടുണ്ട്. ഇനിയും ആവശ്യമായ സഹായം ലഭിക്കുന്നതിന് ടൂറിസം​ദേവസ്വം മന്ത്രിയുമായും എംഎൽഎമാരുമായും ചേർന്ന് കൂട്ടായ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.