certificate
Certificate

മല്ലപ്പള്ളി: മികച്ച പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഐ.എസ്.ഒ 9001:2015 അംഗീകാരത്തിന് മല്ലപ്പള്ളി പഞ്ചായത്ത് അർഹമായി. ജനങ്ങൾക്ക് സമയബന്ധിതമായി സേവനം നൽകുക എന്ന ഗുണമേന്മാ നയത്തിലൂന്നിയ പ്രവർത്തനങ്ങൾക്കാണ് ഹൈദ്രാബാദ് ആസ്ഥാനമായ ടാറ്റാ പ്രോജക്ട് ലിമിറ്റഡ് അന്താരാഷ്ട്ര നിലവാര സൂചികയായ ഐ.എസ്.ഒ ടി.ക്യൂ.എസ്.ക്യൂ-830 നമ്പറായി അംഗീകാരം ലഭിച്ചത്. പഞ്ചായത്ത് ഓഫീസിലുള്ള ഏറെ പഴക്കമുളള ഫയലുകളും എളുപ്പത്തിൽ ലഭ്യമാക്കുന്ന രീതിയിലേക്ക് ഫയലിംഗ് സിസ്റ്റം ക്രമീകരിച്ചു. റെക്കോർഡ് റൂം സജ്ജമാക്കി. ജനങ്ങൾക്ക് ഓഫിസിൽ നിന്ന് നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണെന് വിവരിക്കുന്ന ബോർഡുകൾ സ്ഥാപിച്ചു. പൗര സർവേ നടത്തി പൗരാവകാശ രേഖ പ്രസിദ്ധപ്പെടുത്തി. ഫ്രണ്ട് ഓഫീസ് ജനസൗഹൃദമാക്കി. തിരക്ക് ഒഴിവാക്കാൻ ടോക്കൺ സിസ്റ്റം ഏർപ്പെടുത്തി, കുടിവെള്ള സംവിധാനം, ഇരിപ്പിടങ്ങൾ, ഫീഡിംഗ് റൂം, ശുചിമുറികൾ തുടങ്ങിയവയെല്ലാം താഴത്തെ നിലയിൽ ക്രമീകരിച്ചു. പഞ്ചായത്തിലെത്തുന്ന അപേക്ഷകളും പരാതികളും ഉടൻ നടപടിക്കായി ഫ്രണ്ട് ഓഫീസിൽ നിന്നും ഡിജിറ്റലായി സെക്ഷനിൽ എത്തിക്കുന്ന സംവിധാനം ഏർപ്പെടുത്തി. ജീവനക്കാർക്കായി പ്രത്യേകം ക്യാബിനുകൾ നിർമ്മിച്ചു. കോൺഫറൻസ് ഹാൾ നവീകരിച്ചു. 2022 സെപ്തംബർ 9വരെയാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. ഐ.എസ്.ഒ നേടിയതോടെ പൊതുജനങ്ങൾക്ക് സമയലാഭവും ഉദ്യോഗസ്ഥർക്ക് നിശ്ചിത സമയത്തിനുളളിൽ കൂടുതൽ പേർക്ക് സേവനം നൽകുന്നതിനും സാധിക്കും. തൃശൂർ ആസ്ഥാനമായ കേരള ഇൻസിറ്റിയൂട്ട് ഫോർ ലോക്കൽ അഡ്മിനിസ്‌ട്രേഷൻ (കില) സഹകരണത്തോടെ ഐ.എസ്.ഒ 9001:2015 നേടുന്ന ജില്ലയിലെ പതിമൂന്നാമത്തേതും മല്ലപ്പള്ളി ബ്ലോക്കിലെ ആദ്യത്തെ പഞ്ചായത്തും മല്ലപ്പള്ളി താലൂക്കിലെ ആദ്യത്തെ സർക്കാർ ഓഫീസുമാണ് മല്ലപ്പള്ളി പഞ്ചായത്ത്.