pine-apple
മലയോര മേഖലയിൽ കൈതചക്കകൃഷി വ്യാപകമാ​കുന്നു

ചെങ്ങറ:വെറും മധുരത്തിലൊതുങ്ങുന്നില്ല കൈതച്ചക്കയുടെ കഥ. കാശുവാരാൻ ഇതിനപ്പുറമൊരു കൃഷി വേറെയില്ലെന്ന് മലയോര മേഖലയിലെ കർഷകർ പറയുന്നു.

കോന്നി, തണ്ണിത്തോട്, അരുവാപ്പുലം, മലയാലപ്പുഴ പ്രദേശങ്ങളിൽ വൻതോതിലാണ് കൈതക്കൃഷി. റബറിന്റെ വിലയിടിവുമൂലം പ്രതിസന്ധിയിലായ കർഷകർ പുതിയ മാർഗം സ്വീകരിക്കുകയായിരുന്നു. എസ്റ്റേറ്റ് ഉടമകൾ റബർ തൈകൾക്കിടയിൽ കൈത കൃഷി ചെയ്യാൻ പാട്ടത്തിനാണ് നൽകുന്നത്. നാലു വർഷത്തേക്കാണ് പാട്ടം . റബർ തൈകൾ വച്ച് ഏഴ് വർഷം പരിപാലിച്ച് ടാപ്പിംഗ് തുടങ്ങുമ്പോഴേക്കും നല്ലൊരു തുക ചെലവാകും. വില ഇടിവാണെങ്കിൽ നഷ്ടവും സംഭവിക്കും. പക്ഷേ ഡിമാൻഡേറെയുള്ള കൈതച്ചക്കയുടെ കാര്യത്തിൽ അങ്ങനെ വരില്ല.

റബർതൈകൾ പ്ലാന്റ് ചെയ്ത ശേഷമുള്ള ആദ്യത്തെ നാലുവർഷം ഇടവി ള യായി കൈതച്ചക്ക കൃഷിചെയ്യാം.

. ഹാരിസൺ മലയാളം പ്ളാന്റേഷൻ അടക്കമുള്ള വൻകിട തോട്ടമുടമകൾ മുതൽ ചെറുകിട കർഷകർ വരെ ഇപ്പോൾ ഇൗ മാർഗം സ്വീകരിച്ചിരിക്കുകയാണ്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് കൂടുതലായും ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നത്.

. ഇവിടെയുൽപ്പാദിപ്പിക്കുന്ന കൈതച്ചക്കകൾ അന്യസംസ്ഥാനങ്ങളിലേക്കും, ഗൾഫ് ,യൂറോപ്യൻ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു.

------------------

കൃഷി രീതി

ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് ഉഴുതുമറിച്ച മണ്ണിൽ ചകിരിച്ചോറും കാലിവളവും ചേർക്കും. മേയ്, ജൂൺ മാസങ്ങളിൽ കൃഷിയാരംഭിക്കും. കന്നാര എന്നറിയപ്പെടുന്ന മൗറീഷ്യസ് ഇനം കൈതയാണ് ഇവിടെ കൂടുതലായി കൃഷി ചെയ്യുന്നത് .ക്യൂ , ക്യൂഎം.ഡി, അമൃത എന്നീ ഇനങ്ങളുമുണ്ട്. ഇതിൽ ക്യൂ എം.ഡി. റ്റൂ കൈതച്ചക്കകളാണ് കൂടുതലായി കയറ്റുമതി ചെയ്യുന്നത് . പൾപ്പാക്കാനാണ് മൗറീഷ്യസ് ഉപയോഗിക്കുന്നത്. ഒരേസമയം പൂവിടാൻ എത്തിഫോൺ എന്ന മരുന്ന് തളിക്കും. ഒരേസമയം പൂവിട്ടാൽ ഒരേസമയം വിളവെടുക്കാൻ കഴിയും. കാട്ടുപന്നികളുടെ ശല്യം തടയാനായി കൃഷി സ്ഥലത്തിനു ചുറ്റും സോളാർ വൈദ്യുതിയുള്ള കമ്പിവേലികൾ സ്ഥാപിക്കും.

----------------------

ഗോവ, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ഞങ്ങൾ കൈതച്ചക്ക കൃഷി തുടങ്ങിയിരുന്നു. പക്ഷേ പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ലഭിക്കുന്ന മികച്ച വിളവ് അവിടെ ലഭിക്കില്ല

നോബിൾ ജോസഫ്

വാഴക്കുളം സ്വദേശി
(കൈതച്ചക്ക കർഷകൻ)

---------------

ഗുണങ്ങൾ

1 വിറ്റാമിൻ സി സുലഭം

2.. എല്ലുകളുടെ ഉറപ്പ് വർദ്ധിപ്പിക്കും

3 ദഹന പ്രക്രിയയ്ക്ക് സഹായകരം

4 ശരീര ഭാരം നിയന്ത്രിക്കും

5 കാഴ്ചശക്തി മെച്ചപ്പെടുത്തും