dgp

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുറികൾ സ്മാർട്ടാകുന്നു. കേസുകളിൽ തൊണ്ടിയായി പിടിച്ചെടുക്കുന്ന വസ്തുക്കൾ സൂക്ഷിക്കുന്ന മുറികൾ മാറാലയും പൊടിയും പിടിച്ച് വൃത്തിഹീനമായി കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുന്നതിനാണ് ക്യൂ.ആർ കോഡ് ഉപയോഗിച്ച് തൊണ്ടിമുറികൾ സ്മാർട്ടാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ കൊടുമൺ പൊലീസ് സ്റ്റേഷനിൽ നടപ്പാക്കിയിരുന്നു. തുടർന്ന് പത്തനംതിട്ട സ്റ്റേഷനിലും നടപ്പാക്കി. പത്തനംതിട്ട സ്റ്റേഷൻ സന്ദർശനവേളയിൽ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്റയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. മൊബൈൽഫോണിലെ ക്യൂ ആർ കോഡ് സ്‌കാനർ ഉപയോഗിച്ച് ഒരു തൊണ്ടിമുതലിലെ കോഡ് കേസിന്റെ നമ്പർ, കുറ്റച്ചുരുക്കം, കോടതിയുടെപേര്, കേസിന്റെ നിലവിലെ അവസ്ഥ തുടങ്ങിയ വിശദാംശങ്ങൾ ക്രൈം ഡ്രൈവ് ലിങ്ക് മുഖേന ലഭ്യമാകും. തൊണ്ടി മുതലുകൾ കോടതികളിൽ വിചാരണവേളയിൽ എത്തിക്കാൻ കഴിയും.
കേസ് രജിസ്റ്റർ ചെയ്യുന്ന സമയത്ത് തൊണ്ടിമുതലുകളിൽ പതിക്കുന്ന ലേബലുകൾ കാലപ്പഴക്കം കാരണം നശിച്ച് തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയായിരുന്നു. ഇതിനു പരിഹാരമായാണ് 'സ്മാർട്ട് തൊണ്ടിമുറി' എന്ന ആശയം നടപ്പാക്കുന്നത്.
പൊലീസ് സൈബർ സെൽ എ.എസ്‌.ഐ അരവിന്ദാക്ഷൻ നായർ, ശ്രീകുമാർ, അനൂപ് മുരളി, കോന്നി സ്റ്റേഷനിലെ എ.എസ്‌.ഐ ബിനു എന്നിവർ അടങ്ങിയ ടീമാണ് ജില്ലയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ തൊണ്ടിമുറികൾ സ്മാർട്ടാക്കിയത്.