photo
കോന്നി മുണ്ടോംമൂഴി പാലത്തിനു സമീപം ആനത്താര മുടക്കി നിർമ്മാണം പുരോഗമിക്കുന്ന തണ്ണിത്തോട് ഫോറസ്​റ്റ് സ്​റ്റേഷൻ കെട്ടിടങ്ങൾ

കോന്നി: ആനത്താരകൾ അടച്ച് വനം വകുപ്പിന്റെ അശാസ്ത്രീയ കെട്ടിട നിർമ്മാണം ഭാവിയിൽ ജനജീവിതം ദു:സഹമാക്കിയേക്കും. മുണ്ടോംമൂഴി വനത്തിലെ കാട്ടാനകൾ മറുമല താണ്ടി കല്ലാറിൽ എത്തി വെള്ളം കുടിക്കുകയും നീരാടുകയും ചെയ്യുന്ന രണ്ട് ആനത്താരകളിലാണ് വനംവകുപ്പ് കെട്ടിടങ്ങളും ഹട്ടുകളും നിർമ്മിച്ചിരിക്കുന്നത്. പേരുവാലിയിൽ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കെട്ടിടങ്ങളും ഹട്ടുകളും നിർമ്മിച്ചത് പ്രധാനപ്പെട്ട ആനത്താര മുടക്കിയാണ്. ഇതോടെ ആനകൾക്ക് വഴിമാറി സഞ്ചരിക്കേണ്ടി വരുന്നു. ജനവാസ മേഖലകളിലും കാട്ടാനകളുടെ സാന്നിദ്ധ്യമുണ്ടാകുമെന്ന് ഉറപ്പായി. ഇപ്പോൾ തണ്ണിത്തോട് റോഡിനോട് ചേർന്ന് മുണ്ടോംമൂഴി വനഭാഗത്തെ ആനത്താര അടച്ചാണ് വടശേരിക്കര റേഞ്ചിലെ തണ്ണിത്തോട് ഫോറസ്​റ്റ്സ്റ്റേഷന് കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നത്.

ആനകൾ എത്തുന്നത് കെട്ടിടത്തിന്റെ മറുവശത്തെ മലയിൽ നിന്ന്

ആനകൾക്ക് ഈ ഭാഗത്ത് പൂർണമായും എത്താൻ കഴിയാത്ത സ്ഥിതി സംജാതമായാൽ ഇവ യാത്രക്കാരെ ആക്രമിക്കുന്ന സ്ഥിതിയാകും. ഈ കെട്ടിടത്തിന്റെ മറുവശത്തെ മലയിൽ നിന്നുമാണ് കാട്ടാനക്കൂട്ടം ഇറങ്ങുന്നത്. ഇതിനു മുകളിലൂടെ 240 കെ.വി.ലൈനുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിന്നിരുന്ന പന കാട്ടാന മറിച്ചിടുകയും ഇത് വൈദ്യുതി ലൈനിൽ തട്ടി കുട്ടിയാനകൾ ഉൾപ്പെടെ അഞ്ച് ആനകൾ ചരിയുകയും ചെയ്തിരുന്നു.

കെട്ടിടത്തിലെ സൗകര്യങ്ങൾ
നബാർഡിന്റെ 75ലക്ഷം രൂപ ചെലവിലാണ് ഫോറസ്​റ്റ് സ്​റ്റേഷൻ, ഡോർമി​റ്ററി എന്നിവയ്ക്കായി രണ്ടു കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ഫോറസ്​റ്റ് സ്​റ്റേഷൻ കെട്ടിടത്തിൽ ഡപ്യൂട്ടി റേഞ്ച് ഓഫീസർ, വനിതാ ജീവനക്കാർ എന്നിവർക്ക് മുറികളും ശുചിമുറികളും റിക്കാർഡ് മുറി, സ്‌ട്രോംഗ് റൂം, സെൽ, ഹാൾ, ലിവിംഗ് റൂം, സി​റ്റ് ഔട്ട്, സന്ദർശക മുറി എന്നിവ കെട്ടിടത്തിലുണ്ടാകും. ഇരുനിലയിലും നാല് കിടപ്പുമുറികളോടനുബന്ധിധിച്ച് ശുചി മുറികൾ, അടുക്കള, വരാന്ത എന്നിവയും പൊതുവായി രണ്ട് ശുചി മുറികളും നിർമ്മിക്കും.വർഷങ്ങളായി തണ്ണിത്തോട് മൂഴിയിലെ ജനവാസ കേന്ദ്രത്തിന് സമീപമുള്ള കെട്ടിടത്തിലാണ് ഈ ഫോറസ്​റ്റ് സ്​റ്റേഷൻ പ്രവർത്തിച്ചു വരുന്നത്.

-കെട്ടിട നിർമ്മാണ ചെലവ് 75 ലക്ഷം രൂപ

ആനത്താരയിൽ കെട്ടിടം നിർമ്മിക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരും ആനപ്രേമികളും പ്രതിഷേധിച്ചെങ്കിലും വനംവകുപ്പ് ഇത് തീർത്തും അവഗണിക്കുകയാണ്. ഫോറസ്​റ്റ് സ്​റ്റേഷന്റെയും ഹട്ടുകളുടെയും പ്രവർത്തനം ആരംഭിക്കുന്നതോടെ ഇവിടം ജനവാസകേന്ദ്രമാകും.

രാഹുൽ

(പ്രദേശവാസി)