പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ മാലിന്യ സംഭരണം കീറാമുട്ടിയായി തുടരുകയാണ്. മാലിന്യം സംഭരിക്കുന്നതിനായി നഗരസഭ രൂപികരിച്ച ഹരിതകർമ്മസേന ഫയലിൽ ഒതുങ്ങുന്നതേയുള്ളു. സംഭരണം നിലച്ചിട്ട് നാല് മാസം പിന്നിട്ടു. നഗരസഭയിലെ ശുചീകരണ തൊഴിലാളികളായ പതിനഞ്ച് പേർക്കാണ് ഹരിത കർമ്മ സേനയിൽ പരിശീലനം നൽകിയത്. പക്ഷേ ജോലി ആരംഭിച്ചിട്ടില്ല.
---------------------
സേന വന്നാൽ
ഹരിതകർമ്മ സേനയിലെ അംഗങ്ങൾ ഓരോ വീട്ടിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ചെടുക്കും. ഉറവിട സംസ്കരണം നടത്താൻ കഴിയുന്നവ സംസ്കരിക്കും. 50 മൈക്രോണിൽ താഴെയുള്ള റീസൈക്കിൾ ചെയ്യാൻ കഴിയാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാസ്റ്റിക് ഷ്രഡ് യൂണിറ്റുകളിൽ പൊടിച്ച് റോഡ് ടാറിംഗിന് ഉപയോഗിക്കാൻ നൽകും
--------------------
തടസം
. നഗരസഭയിലെ സ്ഥലപരിമിതിയാണ് പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കുന്നത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിച്ചു..
-------------------
"ഹരിത കർമ്മസേനാ പ്രവർത്തകർക്ക് കില പരിശീലനം നൽകും. അതിന് ശേഷം എത്രയും വേഗം പ്രവർത്തനമാരംഭിക്കും. സംസ്കരണത്തിനായി കണ്ടെത്തിയ സ്ഥലം സംബന്ധിച്ച് നിരവധി പ്രശ്നങ്ങളുണ്ട്.. . സ്ഥലപരിമിതി നഗരസഭയുടെ വലിയൊരു പ്രശ്നമാണ്. "
എ. സഗീർ
(നഗരസഭാ വൈസ് ചെയർമാൻ)
---------------------
"കുടുംബശ്രീ പ്രവർത്തകരും നഗരസഭയിലെ തൊഴിലാളികളുമായ പതിനഞ്ച് പേരെയാണ് സേനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർ ശേഖരിക്കുന്ന മാലിന്യം എവിടെ തള്ളുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. സ്ഥല പരിമിതിയുള്ളതിനാൽ ആർക്കും ബുദ്ധിമുട്ടില്ലാതെ പ്രശ്നം പരിഹരിക്കാൻ കഴിയണം. അതിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. മറ്റ് സംസ്കരണ പ്ലാന്റുകൾ സന്ദർശിച്ച് ഇവിടെ എങ്ങനെ അത് ഉപയോഗിക്കാം എന്ന് പരിശോധിക്കുന്നുണ്ട്. "
ബിനു
ഹെൽത്ത് ഇൻസ്പെക്ടർ
---------------------------
ഹരിത കർമ്മസേനയും പ്ലാസ്റ്റിക് ഷ്രഡ് യൂണിറ്റും സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ നടപടിയായിട്ടില്ല. എത്രയും വേഗം പണി പൂർത്തീകരിച്ച് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണം
പി.കെ അനീഷ്
( നഗരസഭാ പ്രതിപക്ഷ നേതാവ്)