ajitha-kumari
അജികകുമാരി

ഇലന്തൂർ: അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഒരേ കിടക്കയിൽ കിടന്നു കണ്ണുനീർ പൊഴിക്കുന്ന വനിതാ വില്ലേജാഫീസറാണ് അജിതകുമാരി. അങ്ങാടിക്കൽ വടക്കേക്കരയിൽ സരസ്വതി വിലാസം വീട്ടിൽ രാജൻപിള്ളയുടെ ഭാര്യയായ അജിത കുമാരിക്ക് ഈ ദുരവസ്ഥ നേരിട്ടിട്ട് നാളുകളായി. ഇലന്തൂർ വില്ലേജാഫീസറായിരുന്ന ഇവർ എട്ടുവർഷങ്ങൾക്കു മുമ്പ് ജോലി കഴിഞ്ഞ് സഹപ്രവർത്തകന്റെ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. ബൈക്ക് ചരിഞ്ഞ് തലയിടിച്ച് റോ‌ഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ഒരേ കിടപ്പിലായി. 2012 മേയ് 22നാണ് ആ ദുരന്തം ഈ കുടുംബത്തിന്റെ അടിവേരറുത്തത്. ഏറ്റവും അടുത്ത് കോഴഞ്ചേരിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി മോശമായി. ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു.ശരീരം തളർന്നു. ചികിത്സ തുടർന്നെങ്കിലും ഫലമില്ലായിരുന്നു. സഹായത്തിനും മറ്റാനുകൂല്യങ്ങൾക്കും സർക്കാരിന്റെ കാരുണ്യത്തിന് അപേക്ഷ നൽകി. സർക്കാർ കാര്യങ്ങൾ മുറപോലെ നീങ്ങിയെങ്കിലും പ്രതീക്ഷിച്ചപോലെ അല്ലായിരുന്നു. 2012 മുതൽ 2014 വരെ രണ്ടുവർഷത്തെ ശമ്പളം ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ചു. അജിതകുമാരി എൻ.ജി.ഒ.യൂണിയൻ പ്രവർത്തകയാണെന്നും അതിനാൽ ധനസഹായം നൽകരുതെന്നും കാണിച്ച് ഒരു സംഘടനാ നേതാവ് പരാതി അയച്ചു. ഇതോടെ സർക്കാരിൽ നിന്നുള്ള സഹായവും നിലച്ചു. മെഡിക്കൽ റീ ഇംപേഴ്സ്മെന്റിന് പത്ത് ലക്ഷം രൂപയുടെ ബില്ല് കൊടുത്തു. 333387 രൂപാ അനുവദിച്ചു. അതിൽ 20 ശതമാനം കുറവു ചെയ്ത് 267000 രൂപാ അനുവദിച്ചു. പല കാരണങ്ങൾ പറഞ്ഞ് വീണ്ടും രണ്ട് ലക്ഷം രൂപ കൂടി വെട്ടിക്കുറച്ച് 67000 രൂപായാണ് കൊടുത്തത്. യൂണിയൻ നേതാവിന്റെ ചരടുവലി ഇതിന് പിന്നിലുണ്ടായിരുന്നു.തീരാ ദുരിതവുമേറി അജിതകുമാരി ഇപ്പോഴും കിടക്കയിൽ തന്നെ. ഭർത്താവ് രാജൻപിള്ളയ്ക്ക് 65 വയസായി. സർക്കാർ ഉദ്യോഗസ്ഥയാണെന്ന കാരണത്താൽ വാർദ്ധക്യ പെൻഷനുംനിരസിച്ചു.റേഷൻ ആനുകൂല്യങ്ങളും കിട്ടാതെയായി. ചികിത്സയ്ക്കായി 25 ലക്ഷംരൂപ കടമുണ്ട്. മകൻ പോളിടെക്നിക് വിദ്യാർത്ഥിയാണ്.വീട്ടിലെ ബുദ്ധിമുട്ട്കാരണം ഫൈനൽ പരീക്ഷ എഴുതാനായില്ല. മകൾ ബി.എ എം.എഡ്. പാസായി. ബാങ്കിൽ നിന്നും ലോണെടുത്താണ് കുട്ടികളെ പഠിച്ചത്.വരുമാനമില്ലാത്തതിനാൽ ഒരു രൂപ പോലും തിരിച്ചടക്കാനായിട്ടില്ല.ചികിത്സയ്ക്കും വീട്ടു ചെലവിനും തന്നെ പെടാപ്പാടുപെടുന്ന ഈ കുടുംബത്തിന്റെ ദുരവസ്ഥ നാളുകളായി തുടരുകയാണ്.