phv

ചേന്നംപള്ളിൽ : മഹാത്മ ജനസേവന കേന്ദ്രത്തിലെ നല്ല മനസുകളുടെ ആശീർവാദത്തോടെ, ആർഭാടങ്ങൾക്ക് അവധി നൽകി ജേജിയും ആലീസും പുതുജീവിതത്തിലേക്ക് കടന്നു. മണ്ണടി കന്നിമല ജേജി ഭവനത്തിൽ സാമുവേലിന്റേയും അന്നമ്മയുടെയും മകൻ ജേജിയും പുനലൂർ ഇടമൺ തേവരക്കുന്ന് ചാലുവിളവീട്ടിൽ പരേതനായ പീറ്ററുടെയും ബൗളിയുടെയും മകൾ ആലിസുമാണ് തിങ്കളാഴ്ച്ച വിവാഹിതരായത്. മണ്ണടി നിലമേൽ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ രാവിലെ 11ന് നടന്ന മിന്നുകെട്ടിന് ശേഷം ബന്ധുക്കൾക്കൊപ്പം വധുവരൻമാർ അടൂർ മഹാത്മയിൽ എത്തുകയായിരുന്നു. അവിടെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുണ്ടാക്കിയ വിവാഹസദ്യ അന്തേവാസികൾക്കൊപ്പം ദമ്പതികൾ കഴിച്ചു.

ജീവിത സാഹചര്യം മോശമായതിനാൽ സി.എസ്.ഐ സഭയുടെ കൊട്ടാരക്കരയിലുള്ള ബോർഡിംഗിൽ നിന്നായിരുന്നു ആലീസിന്റെ പഠനം. അച്ഛന്റെ മരണവും അസുഖ ബാധിതയായ അമ്മയും ആലീസിനെ പ്രാരാബ്ദക്കാരിയാക്കി. പഠിത്തം പൂർത്തിയാക്കിയ ശേഷം വീട്ടുജോലികൾക്ക് പോയി തുടങ്ങി. അടൂർ കിളിവയലിൽ ജോലിക്ക് നിൽക്കുമ്പോഴാണ് ജേജിയെ പരിചയപ്പെടുന്നത്. ആലീസിനെ അടുത്തറിഞ്ഞ ജേജി ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീൽഡ, പ്രിയദർശന, മധുസൂധനൻ പിള്ള, പ്രിയ തുളസീധരൻ, ഷീബ ,മഞ്ജുഷ എന്നിവർ വധുവരൻമാരെ സ്വീകരിച്ചു.