tvs-kandam
റെയിൽവേ റോഡിലെ ടി.വി.എസ് കണ്ടത്തിൽ ചാക്കിൽ കെട്ടി നിക്ഷേപിച്ചിരിക്കുന്ന മാലിന്യം

ചെങ്ങന്നൂർ: നഗരസഭയിലെ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന റെയിൽവേ സ്റ്റേഷന് പിൻവശത്ത് തയ്യിൽ ഭാഗത്ത് മാലിന്യം കുന്നുകൂടുന്നു. കഴിഞ്ഞ ഒരു വർഷമായി ഇവിടെ അക്കരമഠത്തിൽ റെയിൽവേ റോഡിനോട് ചേർന്ന് ടി.വി.എസ് കണ്ടത്തിൽ പ്ളാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി നിക്ഷേപിച്ചിരിക്കുന്നത് ടൺകണക്കിന് മാലിന്യമാണ്. കോഴിയുടെയും അറവുശാലയിലെയും ഹോട്ടലുകളിലേയും ഉൾപ്പടെയുളള മാലിന്യങ്ങളാണ് ഇവിടെ കൂടുതലും. മഴയിൽ കുതിർന്ന ഇവ ചീഞ്ഞളിഞ്ഞ് പരിസരമാകെ ദുർഗന്ധമാണ്. ഈ പാടത്തെ മലിനജലം സമീപത്തേ വീടുകളിലേക്കും ഉറവയായി എത്തുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

മാലിന്യം ഓഴികിയെത്തുന്നത് പമ്പാനദിയിൽ

മാലിന്യം വെളളത്തിൽ കലർന്ന് ഒഴുകിയെത്തുന്നത് പമ്പാനദിയിലാണ്. ടി.വി.എസ് കണ്ടത്തിൽ നിന്നും ആരംഭിച്ച് കടന്തോടുപാലം തോടുവഴി ഇല്ലിമല തോട്ടിലൂടെയാണ് പമ്പയിലേക്ക് മലിന്യം എത്തുന്നത്.ഈ തോടിന്റെ ഇരുവശത്തും വീടുകളിലെ കിണറുകളിലെ ശുദ്ധജലവും മലിനമാകുന്നുണ്ട്.

കുടുംബങ്ങൾ ദുരിതത്തിൽ

നഗരസഭയുടെ 25-ാം വാർഡായ ഇവിടെ റോഡിനോട് ചേർന്ന നൂറോളം കുടുംബങ്ങൾ താമസമുണ്ട്. മാത്രമല്ല വെണ്മണി, ആല, പുലുയൂർ, ചെറിയനാട്,ബുധനൂർ, മാന്നാർ, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ എളുപ്പ മാർഗവുമാണ് അക്കരമഠത്തിൽ റെയിൽവേ റോഡ്. സ്ക്കൂൾ കുട്ടികളും യാത്രക്കാരുമടക്കം നിത്യേന നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ റോഡിൽ മാലിന്യം നിക്ഷേപം നിത്യേന പെരുകുന്തോറും മാലിന്യ നിക്ഷേപം നടത്തരുതെന്ന ബോർഡ് സ്ഥാപിക്കുക മാത്രമാണ് നഗരസഭ ചെയ്തത്.

നഗരത്തിലെ മാലിന്യനിക്ഷേപം ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചതാണ് നഗരത്തിലെ ഒഴിഞ്ഞ ഇടമായ ടി.വി.എസ് കണ്ടത്തിലേക്ക് മാലിന്യം നിക്ഷേപിക്കാൻ കാരണമായത്. മാലിന്യം തളളുന്നവരെ കണ്ടെത്താൻ നഗരസഭ കർശന നടപടി സ്വീകരിക്കണം. ഇതിനായി പൊലീസിന്റെ സഹായത്തോടെ നഗരസഭാ ഹെൽത്ത് വിഭാഗം രാത്രികാല നിരീക്ഷണം നടത്തണം.

രാജൻ കണ്ണാട്ട് (വാർഡ് കൗൺസിലർ).