പത്തനംതിട്ട : അധസ്ഥിത വർഗത്തിന് വേണ്ടി നിരന്തരം പോരാടിയ ശബ്ദമായിരുന്നു പത്രാധിപർ കെ. സുകുമാരന്റേതെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് പറഞ്ഞു. കേരള കൗമുദി പത്തനംതിട്ട യൂണിറ്റിൽ നടന്ന പത്രാധിപർ കെ.സുകുമാരന്റെ 38ാം ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്രാധിപർ എഴുതുന്ന മുഖപ്രസംഗങ്ങളിൽ നാടിന്റെ ചലനങ്ങൾ അടങ്ങിയിരുന്നു. പുതിയ തലമുറ പത്രാധിപരുടെ നിലപാട് ഇന്നും തുടർന്നു കൊണ്ടുപോകുന്നു. പത്രാധിപരുടെ നിഷ്പക്ഷ നിലപാട് സമൂഹത്തെ മുന്നോട്ടുനയിച്ചിരുന്നു. തിരുത്തൽ ശക്തിയുടെ കാലഘട്ടമായിരുന്നു അത്. ആരെയും വിമർശിക്കാൻ ഒരു മടിയുമില്ലായിരുന്ന പത്രാധിപർ, ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തെ വേദിയിലിരുത്തി വിമർശിക്കാൻ ധൈര്യം കാണിച്ചയാളാണ്. മത്സരത്തിന്റേയും സാങ്കേതിക വിദ്യകളുടേയും ഇന്നത്തെ കാലഘട്ടത്തിൽ പ്രിന്റ് മീഡിയ നേരിടുന്ന വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് കേരളകൗമുദി മുമ്പോട്ട് പോകുന്നതെന്നും പീലിപ്പോസ് തോമസ് പറഞ്ഞു.

വളരെ ചെറുപ്പത്തിൽത്തന്നെ സമൂഹത്തിൽ നിലനിന്നിരുന്ന അടിച്ചമർത്തലുകളെ തിരിച്ചറിയാൻ പത്രാധിപർക്ക് കഴിഞ്ഞിരുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ പറഞ്ഞു. അവഗണന അനുഭവിച്ച സമുദായങ്ങൾക്ക് ഉയർന്നു വരാൻ കൈത്താങ്ങായാത് കേരളകൗമുദിയാണ്. പിന്നാക്കക്കാർക്ക് വേണ്ടിയുള്ള പത്രാധിപരുടെ ഇടപെടലുകളാണ് വർഷങ്ങൾക്കു ശേഷവും അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ പ്രിയങ്കരനാക്കുന്നുവെന്ന് അനിൽകുമാർ പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നതായിരുന്നു പത്രാധിപരുടെ ലക്ഷ്യമെന്ന് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സംവരണം ഉറപ്പാക്കിയത് പ്രതാധിപർ കെ.സുകുമാരന്റെ കുളത്തൂർ പ്രസംഗമായിരുന്നു. അനീതി കണ്ടാൽ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന പത്രാധിപരുടെ ശൈലിയാണ് കേരളകൗമുദി പിന്തുടരുന്നതെന്ന് സുന്ദരേശൻ പറഞ്ഞു.
പത്രത്തിന്റെ സർക്കുലേഷനെ ബാധിക്കുമോ എന്നുനോക്കാതെ പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതിയ പത്രാധിപരായിരുന്നു കെ.സുകുമാരനെന്ന് യോഗം തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ പറഞ്ഞു. ധീരമായ ആ നിലപാട് കേരളകൗമുദി ഇന്നും പിന്തുടരുന്നു. നാടിന്റെ വികസത്തിന് എന്നും ഉൗർജസ്രോതസാണ് കേരളകൗമുദിയെന്ന് അദ്ദേഹം പറഞ്ഞു.

കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂർ എന്നിവർ സംസാരിച്ചു. കേരളകൗമുദി സീനിയർ പ്രതിനിധി സി.വി ചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു.

എസ്.എൻ.ഡി.പി യോഗം ഡയറക്ടർ സി.എൻ. വിക്രമൻ, പത്തനംതിട്ട യൂണിയൻ കൗൺസിലർമാരായ കെ.എസ്. സുരേശൻ, എസ്.സജിനാഥ്, പി.കെ പ്രസന്നകുമാർ, മൈക്രോഫിനാൻസ് കൺവീനർ കെ.ആർ. സലിലനാഥ്, കോന്നിയൂർ രാധാകൃഷ്ണൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി, സെക്രട്ടറി സരളാ പുരുഷോത്തമൻ, പത്തനംതിട്ട 86ാം നമ്പർ ശാഖാ സെക്രട്ടറി സി.കെ. സോമരാജൻ, സി.എൻ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.

------------------

കേരളകൗമുദി നീതിയുടെ പക്ഷത്ത് : കെ.പത്മകുമാർ

നിലപാടുകളിൽ വെള്ളം ചേർക്കാത്ത വ്യക്തിത്വമായിരുന്നു പത്രാധിപരുടേതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഐ.ടി.ഡി.സി ഡയറക്ടറും എസ്.എൻ.ഡി..പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ. പത്മകുമാർ പറഞ്ഞു. പത്രാധിപർ എന്ന് വിശേഷിപ്പിക്കാൻ കേരളത്തിൽ ഒരാളേയുള്ളു. അത് കെ. സുകുമാരനാണ്. ശതാബ്ദി പിന്നിട്ട പത്രമാണ് കേരളകൗമുദി. നീതിയുടെ കൂടെ നിൽക്കുന്ന അചഞ്ചലമായ നിലപാടായിരുന്നു പത്രാധിപരുടേത്. കേരളകൗമുദി ഇന്നും ഇൗ നിലപാട് തുടരുന്നു. കേരളത്തിൽ അന്തസാർന്ന പത്രസംസ്കാരം വളർത്തിയെടുക്കുന്നതിൽ കേരളകൗമുദി പ്രധാന പങ്ക് വഹിച്ചു. അപാരമായ നിരീക്ഷണ പാടവം പുലർത്തിയിരുന്ന പത്രാധിപരുടെ കാഴ്ചപ്പാടുകൾ സമൂഹത്തിന്റെ ആവേശമായിരുന്നുവെന്നും പത്മകുമാർ പറഞ്ഞു.