തിരുവല്ല: കാറ്റും മഴയും ഇല്ലെങ്കിലും തിരുവല്ല നഗരത്തിൽ വൈദ്യുതിമുടക്കം പതിവാകുന്നു. രാപകൽ വ്യത്യാസമില്ലാതെ ദിവസവും നിരവധിതവണ വൈദ്യുതി മുടങ്ങുന്നത് വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുകയാണ്. വൈദ്യുതി ബോർഡ് മെച്ചപ്പെട്ട സേവനം നൽകുന്നതായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അവകാശപ്പെടുമ്പോഴും ഇവിടുത്തെ സ്ഥിതി ഇതാണ്. മദ്ധ്യതിരുവിതാംകൂറിലെ പ്രധാന നഗരമായ തിരുവല്ലയിൽ അടിക്കടിയുണ്ടാകുന്ന വൈദുതി മുടക്കം കാരണം വ്യാപാരികളും പൊറുതിമുട്ടിയിരിക്കുകയാണ്. ഉൽപ്പാദന പ്രസരണ വിതരണ രംഗങ്ങളിൽ ശ്രദ്ധ ചെലുത്തി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തിയാണ് ബോർഡ് മുന്നോട്ട് നീങ്ങുന്നതെന്നാണ് അധികൃതരുടെ വാദം. പക്ഷേ തിരുവല്ല ടൗൺ ഫീഡറിലെ കാര്യങ്ങൾ തകിടമറിഞ്ഞ സ്ഥിതിയാണ്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പലപ്പോഴും ഇവിടെ വൈദ്യുതി മുടക്കം. നഗരഹൃദയത്തിലുള്ള വൈദ്യുതി ഭവന്റെ ഓഫീസിലേക്ക് വിളിച്ചാൽ മിക്കപ്പോഴും കിട്ടാറില്ല. തിരക്കിന്റെ ട്യൂൺ മാത്രമേ കേൾക്കാനാവൂ. അഥവാ ആരെയെങ്കിലും കിട്ടിയാൽ തന്നെ ഉടൻ വൈദ്യുതി വരുമെന്ന സ്ഥിരം മറുപടിയും ലഭ്യമാണ്. ടൗൺ ഫീഡറിൽ തുടർച്ചയായി വൈദ്യുതി മുടക്കം ഉണ്ടാക്കുന്നതിന് കാരണം സബ്സ്‌റ്റേഷനിലെ കേബിൾ കുഴപ്പമാണെന്നാണ് പൊതുവെ പറയുന്നത്. വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾവരെ അടിക്കടിയുണ്ടാകുന്ന വൈദ്യുതിമുടക്കം മൂലം കേടാകുന്ന സ്ഥിതിയാണ്.

ടച്ചിംഗ് നീക്കം പേരിനുമാത്രം


പവർ ഫിനാൻസ് കോർപ്പറേഷൻ തിരുവല്ല ടൗൺ പദ്ധതിയിലെ വിതരണ മേഖല ശക്തിപ്പെടുത്തുന്നതിനായി കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. എന്നാൽ നഗരത്തിൽ മിക്ക ഇടവഴികളിലെ ടച്ചിംഗ് വെട്ടിമാറ്റാൻ പോലും അധികൃതർ തയാറായിട്ടില്ല. പ്രസരണ വിതരണനഷ്ടം ഒഴിവാക്കാൻ ടച്ചിംഗ്‌ നീക്കുന്നതിലൂടെ കഴിയുമെന്നിരിക്കേ പേരിനു മാത്രമാണ് ഈ ജോലി നഗരത്തിൽ നടക്കുന്നത്. നിരവധി വൻകിട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന നഗരത്തിൽ അടിക്കടി ഉണ്ടാക്കുന്ന വൈദ്യുതി മുടക്കം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വ്യാപാര സ്ഥാപനങ്ങളെയാണ്. ഹോട്ടലുകളടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ അടുത്ത കാലത്തെ വൈദ്യുതി മുടക്കം നന്നായി ബാധിച്ചിട്ടുണ്ട്.

കച്ചവടം നടക്കുന്ന വൈകുന്നേരങ്ങളിലെ വൈദ്യുതി മുടക്കം കടകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അടിയന്തിരമായി തിരുവല്ലയിലെ വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണം.

മുരളീധരൻ
(വ്യാപാരി)