1

ഏനാത്ത് : ചന്തയിലെ മാലിന്യങ്ങൾ തള്ളാനായി ഒരു കുപ്പത്തൊട്ടി, അതും 75 സെന്റിൽ. ഏനാത്ത് പബ്ളിക് മാർക്കറ്റിനോട് ചേർന്ന് ദേശീയ പാതയ്ക്കരുകിലാണ് വെള്ളവും മാലിന്യവും കെട്ടിക്കിടക്കുന്ന വലിയകുളം ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നത്. നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല. ആരോഗ്യവകുപ്പ് അധികൃതരും ശുചിത്വമിഷൻ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും ഇതൊന്നും കണ്ടഭാവമേ നടിക്കുന്നില്ല.

മാർക്കറ്റിൽ മാലിന്യ നിർമാർജനസംവിധാനം ഇല്ലാത്തതിനാൽ സകലമാലിന്യവും വെള്ളക്കെട്ടിലേക്കാണ് തള്ളുന്നത്. ദേശീയപാതയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്കുള്ള പോക്കറ്റ് റോഡിനിരുവശവും വെള്ളകെട്ടാണ്. വെള്ളകെട്ട് നിറഞ്ഞ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് മണ്ണിട്ടുയർത്തി മാർക്കറ്റിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ വെള്ളക്കെട്ടായ സ്ഥലത്തിന് ചില സ്വകാര്യവ്യക്തികൾക്ക് അവകാശമുള്ളതിനാൽ പഞ്ചായത്തിന് വികസനപ്രവർത്തനങ്ങൾ കഴിയില്ലന്നാണ് പഞ്ചായത്തധികൃതരുടെവാദം.

കുളത്തിന്റെ പടിഞ്ഞാറുവശം ദേശീയപാത, കിഴക്കുവശം പഴയ ദേശീയപാത (ഇപ്പോഴത്തെ ബൈറോഡ്), തെക്ക് വശം പോക്കറ്റ് റോഡ്, വടക്ക് വശം പബ്ളിക് മാർക്കറ്റ് എന്നിങ്ങനെയാണ്.

സ്വകാര്യവ്യക്തികളിൽ നിന്ന് ഭൂമി സർക്കാരോ പഞ്ചായത്തോ ഏറ്റെടുക്കണം. വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഒാഫീസുകൾക്ക് കെട്ടിടം പണിയുകയോ മററ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യണം.

ശ്യാം ഏനാത്ത്,

സാംസ്കാരിക പ്രവർത്തകൻ