തണ്ണിത്തോട്: അടവിയിലെ പൂന്തോട്ടം വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ വൈകുന്നു. വനം വകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ മുണ്ടോമൂഴിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ 2017ലാണ് പുന്തോട്ടം ഒരുക്കിയത്.
കുട്ടവഞ്ചി സവാരിക്കായി നിരവധിപ്പേരാണ് ഇവിടെ എത്തുന്നത്. വിവിധയിനം കാഴ്ചമുളകളും പൂച്ചെടികളുമാണുള്ളത് . ആറ്റിലെ ഉരുളൻകല്ലുകൾ നിരത്തിയാണ് നടപ്പാതനിർമ്മിച്ചത്. പൂന്തോട്ടത്തിന് ചുറ്റും മുളകൊണ്ടുള്ള വേലിയുണ്ട്. ഉപയോഗശൂന്യമായ കുട്ടവഞ്ചികൾ ഉപയോഗിച്ച് തണലിനായി കുടയും ഇരിപ്പടവും തയ്യാറാക്കിയിട്ടുണ്ട്. വിവാഹ ആൽബങ്ങളുടെ ഷൂട്ടിങ്ങിനായി നിരവധി പേർ ദിവസവും അടവിയിലെത്തുന്നുണ്ട് . ചെടികൾ വളർന്നതോടെ തലപ്പുകൾ വെട്ടി രൂപപ്പെടുത്താൻ ആളുകളെ നിയോഗിച്ചിരുന്നു. പൂന്തോട്ടത്തിന്റെ പരിപാലനത്തിനായി എലിമുള്ളംപ്ലാക്കൽ വന സംരക്ഷണ സമിതിയിൽ നിന്ന് ഒരു ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അധികൃതരുടെ അവഗണന തുടരുകയാണ്.
-----------------------------
പൂന്തോട്ടം സന്ദർശകർക്കായി തുറന്ന് കൊടുക്കണം. വനമേഖലയിലെ അനുഭവങ്ങൾ പുതിയ തലമുറയ്ക്ക് അനുഗ്രഹമാകും
അരുൺകുമാർ,
വന്യജീവി ഫോട്ടോഗ്രാഫർ
-------------------
പൂന്തോട്ടത്തിൽ ഇരിക്കാൻ ബഞ്ചുകളും, കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളും സ്ഥാപിച്ചാൽ സഞ്ചാരികൾക്ക് പ്രയോജനപ്രദമാകും
രവികുമാർമേനോൻ
പാലക്കാട്