pravasi
പത്തനംതിട്ട ടൗൺഹാളിൽ ആരംഭിച്ച പ്രവാസി അദാലത്തിൽ അംഗത്വം എടുക്കാനെത്തിയവരുടെ തിരക്ക്

പത്തനംതിട്ട: പ്രവാസി ക്ഷേമ ബോർഡിൽ അംഗമാകാൻ ഇന്നലെ പത്തനംതിട്ട ടൗൺഹാളിൽ തുടങ്ങിയ അദാലത്തിൽ അഭൂതപൂർവമായ തിരക്ക്. അദാലത്ത് ഇന്നും തുടരും. ഇന്നലെ 453പേർ ക്ഷേമനിധി അംഗത്വം നേടി. നൂറിലേറെ പ്രവാസികൾ ക്ഷേമനിധി അംഗത്വ കാർഡുകൾ കൈപ്പറ്റി. ബാക്കിയുളളവർക്ക് ഇന്ന് വിതരണം ചെയ്യും. ഇന്ന് രജിസ്റ്റർ ചെയ്യുന്നവർക്ക് അംഗത്വ കാർഡ് തപാൽ മുഖേന അയക്കും.

ഇന്നലെ രാവിലെ അദാലത്ത് ആരംഭിക്കുന്നതിന് മുമ്പുതന്നെ നൂറുകണക്കിനാളുകളാണ് രജിസ്റ്റർ ചെയ്യാൻ കാത്തുനിന്നത്. വൈകിട്ട് ആറ് മണിയോടെയാണ് അദാലത്ത് സമാപിച്ചത്. പ്രവാസി വെൽഫെയർ ബോർഡിലെയും നോർക്കയിലെയും 13 ജീവനക്കാർ വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് അപേക്ഷ സ്വീകരിക്കൽ, പരിശോധന, രജിസ്ട്രേഷൻ എന്നിവ പൂർത്തിയാക്കി കാർഡ് വിതരണം ചെയ്തത്. ഇതിനു മുമ്പ് കൊല്ലം, പാലക്കാട് ജില്ലകളിൽ നടത്തിയ അദാലത്തിൽ ശരാശരി 400 പേർ വീതമാണ് അംഗതമെടുത്തിരുന്നത്.

ക്ഷേമനിധിയിൽ ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെയാണ് അംഗത്വം എടുക്കാനുളളവരുടെ എണ്ണം കൂടിയത്.

നേരത്തെ ജില്ലയിലെ പതിനയ്യായിരത്തോളം പ്രവാസികളാണ് ക്ഷേമ ബോർഡിൽ അംഗത്വമെടുത്തിരുന്നത്. ഒരു ലക്ഷത്തോളം പ്രവാസികൾ ജില്ലയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

>>>

18 കഴിഞ്ഞോ, അപേക്ഷിക്കാം

18 മുതൽ 60 വരെയാണ് അംഗത്വം എടുക്കാനുള്ള പ്രായ പരിധി. പ്രവാസി ക്ഷേമനിധിയിലേക്ക് ഓൺലൈനായും അംഗത്വമെടുക്കാം. 15 ദിവസത്തിനുള്ളിൽ പ്രവാസി ക്ഷേമനിധിയുടെ അംഗത്വ കാർഡും ഐഡന്റിറ്റി കാർഡും സൗജന്യമായി ഓൺലൈനിൽ ലഭ്യമാകും.
പ്രവാസി സഹകരണ സംഘങ്ങൾ, കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയിലൂടെയും അംഗത്വമെടുക്കാം. അപേക്ഷാ ഫോം വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷയുമായി ബോർഡ് ഓഫീസിൽ നേരിട്ടെത്തുന്നവർക്ക് അന്നു തന്നെ അംഗത്വ കാർഡ് നൽകും.

>>

പുതിയ പെൻഷൻ പദ്ധതി നവംബറിൽ ആരംഭിക്കും

പ്രവാസികൾക്ക് പ്രായപരിധിയില്ലാതെ പെൻഷൻ ലഭിക്കുന്ന പുതിയ പദ്ധതി നവംബറിൽ ആരംഭിക്കുമെന്ന് കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജോർജ് വർഗീസ് പറഞ്ഞു. അംഗത്വ വിതരണ കാമ്പയിനും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിക്ഷേപം നടത്തി മൂന്നു വർഷം കഴിയുമ്പോൾ നിക്ഷേപ തുകയുടെ 10 ശതമാനം ഡിവിഡന്റ് നൽകുന്നതാണ് പുതിയ പദ്ധതി. ഒരംഗത്തിന് മൂന്ന് ലക്ഷം മുതൽ അൻപത്തിയൊന്ന് ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. പ്രവാസി വെൽഫെയർ ബോർഡ് അംഗം കെ.സി സജീവ് തൈക്കാട് അദ്ധ്യക്ഷത വഹിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എം. രാധാകൃഷ്ണൻ, വെൽഫെയർ ബോർഡ് ഫിനാൻസ് മാനേജർ എസ്.സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

>>>

'' നിക്ഷേപകന് മൂന്ന് വർഷം കഴിയുമ്പോൾ മുതൽ പ്രായപരിധിയില്ലാതെ പെൻഷൻലഭ്യമാകും. വെൽഫയർ ബോർഡിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ബോർഡും സർക്കാരും ഉറപ്പുനൽകും.

കെ.സി സജീവ് തൈക്കാട്, പ്രവാസി വെൽഫയർ ബോർഡ് അംഗം