തിരുവല്ല: നഗരത്തിൽ എം.സി റോഡിൽ പൈപ്പിടുന്നതിന്റെ ഭാഗമായി ഇന്ന് രാത്രി 9 മുതൽ തിങ്കൾ രാവിലെ 6വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എം.സി റോഡിലെ ദീപ ജംഗ്ഷൻ മുതൽ മുത്തൂർ വരെ ഒരുദിശയിൽ മാത്രമേ ഗതാഗതം അനുവദിക്കുകയുള്ളൂ. തിരുവല്ലയിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് എം.സി റോഡിലൂടെ പോകാം. ചങ്ങനാശേരിയിൽ നിന്നു തിരുവനന്തപുരം ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ മുത്തൂർ നിന്നു കുറ്റപ്പുഴ വഴി ചിലങ്ക ജംഗ്ഷനിലെത്തി ഇടത്തോട്ടു തിരിഞ്ഞ് വൈ.എം.സി.എ വഴി എസ്‌.സി.എസ് ജംഗ്ഷനിലെത്തി പോകണം. ചങ്ങനാശേരിയിൽ നിന്നു മാവേലിക്കര, എടത്വ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇടിഞ്ഞില്ലം ജംഗ്ഷനിൽ നിന്നു വലത്തോട്ടു തിരിഞ്ഞ് കാവുംഭാഗത്തെത്തി പോകണം. കാവുംഭാഗം, തിരുവല്ല എന്നിവിടങ്ങളിൽ നിന്നു മല്ലപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ എസ്‌.സി.എസ് ജംഗ്ഷനിൽ നിന്നു ടി.കെ റോഡുവഴി തോട്ടഭാഗത്തെത്തി ഇടത്തോട്ടു തിരിഞ്ഞ് പോകണം. കാവുംഭാഗത്തു നിന്ന് ചങ്ങനാശേരിക്കു പോകുന്ന ചെറിയ വാഹനങ്ങൾക്ക് മുത്തൂർ വഴി എം.സി റോഡിലെത്തി പോകാം. എന്നാൽ ഇവിടെ നിന്നു കുറ്റപ്പുഴ, ചുമത്ര ഭാഗത്തേക്കു വാഹനങ്ങൾ പോകാൻ അനുവദിക്കില്ല. കോഴഞ്ചേരി ഭാഗത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് തിരുവല്ല വഴി പോകാം. ചെങ്ങന്നൂർ ഭാഗത്തു നിന്നു ആലപ്പുഴ, എറണാകുളം ഭാഗത്തേക്കുള്ള പോകേണ്ടവർ പ്രാവിൻകൂട് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് ഇരമല്ലിക്കര, ആലംതുരുത്തി, പൊടിയാടി, എടത്വ വഴി പോകണം. ഈസമയം രണ്ടു റോഡുകൾ വൺവേ ആക്കിയിട്ടുണ്ട്. ഇടിഞ്ഞില്ലത്തു നിന്നു കാവുംഭാഗത്തേക്കും കാവുംഭാഗത്തു നിന്നു മുത്തൂർ ഭാഗത്തേക്കും ഒരുദിശയിൽ മാത്രമേ ഗതാഗതം അനുവദിക്കയുള്ളു.

9 പഞ്ചായത്തിലും തിരുവല്ല നഗരസഭയിലും

ശുദ്ധജലവിതരണം മുടങ്ങും
തിരുവല്ല: ജല അതോറിറ്റിയുടെ ശുദ്ധീകരണശാലയിൽ എയറേറ്ററിന്റെ അറ്റകുറ്റപണി നടക്കുന്ന ജോലികൾ തുടങ്ങിയതിനാൽ 22 വരെ നെടുമ്പ്രം, കടപ്ര, വെളിയനാട്, തലവടി, എടത്വ, വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി എന്നീ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭ പ്രദേശത്തും ജലവിതരണം ഭാഗികമായി മുടങ്ങും.