ചെങ്ങന്നൂർ: നഗരസഭയിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ നഗരസഭാ കൗൺസിൽ തീരുമാനം. കെ.ഷിബുരാജൻ നഗരസഭാ ചെയർമാനായ ശേഷം ഇന്നലെ ചേർന്ന ആദ്യ കൗൺസിൽ യോഗത്തിലെ ഒന്നാമത്തെ തീരുമാനമായിരുന്നു ഇത്. വിഷയം കൗൺസിൽ ഐക്യകണ്‌ഠേന പാസ്സാക്കി. 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കാണ് നിലവിൽ നിരോധനം ഉണ്ടായിരുന്നത്. 50 മൈക്രോണിന് മുകളിലുള്ളതുൾപ്പെടെ എല്ലാ പ്ലാസ്റ്റിക് ക്യാരി ബാഗുകളും നിരോധിച്ചവയിൽ ഉൾപ്പെടും. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന ഗ്ലാസ്സുകൾ, പ്ലേറ്റുകൾ എന്നിവയും നിരോധിച്ചു. തുണികൾ ഉപയോഗിച്ച് നിർമ്മിച്ച ക്യാരി ബാഗുകളും പഴയ കാലത്തെ പോലെയുള്ള പേപ്പർ കവറുകളും പകരമായി ഉപയോഗിക്കണം. ഭാവിയിൽ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നവരിൽ നിന്നു അത് പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കരുതി വച്ചിട്ടുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങൾക്ക് നിരോധനത്തിൽ ഒരു മാസം ഇളവ് അനുവദിക്കും.
ഒരുക്കങ്ങൾ നടത്തും
1.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേർക്കും.
2.വിവിധ സ്ഥലങ്ങളിൽ പ്രചാരണ ബോർഡുകൾ സ്ഥാപിക്കും. വ്യാപാരവ്യവസായ സ്ഥാപനങ്ങളിൽ കർശന പരിശോധന നടത്തും. പിടിക്കപ്പെടുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കും.
പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ, ഹരിത കർമ്മ സേനാംഗങ്ങൾ ഒക്ടോബർ ആദ്യവാരം മുതൽ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വൃത്തിയാക്കിയ പ്ലാസ്റ്റിക് ഫീസ് ഇടാക്കി ശേഖരിക്കും.
നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും.
കെ.ഷിബുരാജൻ,
നഗരസഭാ ചെയർമാൻ