അടൂർ: വരുമാനമില്ലെന്ന കാരണം നിരത്തി ഡിപ്പോ അധികൃതർ ആഴ്ചയിൽ 4 സർവീസാക്കി വെട്ടിക്കുറച്ച അടൂർ - മണിപ്പാൽ ബസ് ഇന്നലെ ഹൗസ് ഫുൾ. 42 സീറ്റിൽ 39 ഉം ഓൺലൈനായി റിസർവ് ചെയ്തിരുന്നു. പിന്നിലെ മൂന്ന് സീറ്റ് മാത്രമാണ് ഒഴിവുണ്ടായിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ മികച്ച വരുമാനം ലഭിച്ചിട്ടും സർവീസ് റദ്ദാക്കാനുള്ള ശ്രമമാണ് ഡിപ്പോ അധികൃതർ ഇപ്പോഴും നടത്തുന്നത്. ഇതിനിടെ സർവ്വീസ് പത്തനംതിട്ടയ്ക്കോ, കൊട്ടാരക്കരയ്ക്കോ കൈ മാറാനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. അന്തർ സംസ്ഥാന സർവീസുകൾ ഇല്ലാതായാൽ തലവേദന ഒഴിയും എന്ന നിലപാടാണ് ഡിപ്പോ അധികൃതർക്ക് ഉള്ളത്.
തുടക്കം മുതൽ കല്ലുകടി
മണിപ്പാൽ സർവ്വീസ് ആരംഭിച്ചപ്പോൾ സ്പെയർ ബസ് ഇല്ലാത്തത് ഒട്ടേറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പലപ്പോഴും സർവീസ് മുടങ്ങിയിട്ടും സ്പെയർ ബസ് ആവശ്യപ്പെടാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഇത് കണ്ടറിഞ്ഞ കെ.എസ്. ആർ.ടി സി യെ സ്നേഹിക്കുന്ന ഒരു സംഘം മുന്നിട്ടിറങ്ങി ബസ് നേടിയെടുക്കുകയായിരുന്നു. സർവീസ് ആഴ്ചയിൽ 4 ദിവസമായി ചുരുക്കിയതിനെ തുടർന്ന് സ്പെയർ ബസ് ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
അടൂർ - മണിപ്പാൽ ട്രാൻ.സർവ്വീസ്
ആഴ്ചയിൽ 4 തവണ, നിറയെ യാത്രക്കാർ
വരുമാനക്കുറവെന്ന് കെ.എസ്.ആർ.ടിസി
സർവീസ് മുടക്കാൻ നീക്കം
സ്പെയർ ബസ് ഒഴിവാക്കാൻ ശ്രമം
ആകെയുള്ള 42 സീറ്റിൽ
ഇന്നലെ 39 ഉം ബുക്കിഡ്
സമരപരമ്പരയ്ക്ക് 25 ന് തുടക്കം അധികൃതരുടെ അലംഭാവത്തിനെതിരെ ശബ്ദം ഉയർത്തിയ നവ മാദ്ധ്യമ കൂട്ടായ്മയായ സേവ് അടൂർ കെ.എസ്. ആർ.ടി.സി പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഉദ്യോഗസ്ഥരുടെ പൊയ്മുഖം തുറന്നു കാട്ടാനുള്ള സമരപരമ്പരയ്ക്ക് 25 ന് തുടക്കമാകും.