manu
മനു തയ്യിൽ തന്റെ ബന്ദി തോട്ടത്തിൽ

പറക്കോട്: കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ കർഷകർക്ക് മനുവിനെ കണ്ട് പഠിക്കാം. വിയർപ്പൊഴുക്കി നട്ടുവളർത്തിയ കാർഷികവിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് കണ്ട് സങ്കടപ്പെട്ടിരിക്കാതെ മനു തുടങ്ങിയത് ബന്ദിപ്പൂവ് കൃഷിയാണ്. കിഴങ്ങുവർഗങ്ങൾ തിന്നാനെത്തുന്ന പന്നിക്കൂട്ടങ്ങൾ ഇപ്പോൾ ബന്ദിപ്പൂവ് കണ്ട് മടങ്ങും. പൂവെന്ന് കരുതി തള്ളിക്കളയണ്ട. ലാഭത്തിന്റെ കാര്യത്തിൽ കാർഷിക വിളകളേക്കാൾ ഒട്ടും പിന്നിലല്ല ബന്ദിപ്പൂവ്.

പറക്കോട് തയ്യിൽ വീട്ടിൽ മനുവാണ് ബന്ദിപ്പൂവ് കൊണ്ട് കാട്ടുപന്നിയെ പറ്റിച്ചത്.

യുവ കർഷകനായ മനു കാർഷിക രംഗത്ത് ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ഉന്നത ജോലിക്കായി യുവാക്കൾ പരക്കം പായുമ്പോൾ തന്റെ പറമ്പിൽ പൊന്നുവിളയിക്കുന്ന ഇൗ ചെറുപ്പക്കാരനെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശമാണിവിടം. മരച്ചീനി അടക്കമുള്ളവ പലതവണയാണ് പന്നികൾ നശിപ്പിച്ചത്. തുരത്താൻ പല വഴികൾ നോക്കിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ പരീക്ഷണാർത്ഥം 15 സെന്റിൽ ബന്ദിപ്പൂവ് ക‌ൃഷി ചെയ്തു.

ഹൈബ്രീഡ് ഇനത്തിൽപ്പെട്ടവയാണ് ഇവ .ബംഗളുരുവിൽ നിന്ന് സുഹൃത്ത് എത്തിച്ച വിത്തുകൾ സ്വന്തം പോളീ ഹൗസിൽ പാകി കിളിപ്പിച്ച ശേഷം ജൂലായ് ആദ്യവാരം തൈകൾ പറിച്ചുനട്ടു. ഓണവിപണി ലക്ഷ്യമിട്ടായിരുന്നു കൃഷി.. പക്ഷേ കനത്ത മഴ മൂലം ചെടികൾ പൂവിടാൻ വൈകി. തിരുവോണത്തിന് അഞ്ചുനാൾ മുമ്പാണ് ബന്ദി മൊട്ടിട്ട് തുടങ്ങിയത്.

വെള്ളം കെട്ടിക്കടക്കാതിരിക്കാൻ ചെറിയ ചാലുകളെടുത്താണ് തൈകൾ നട്ടത്. കീടബാധ കുറയ്ക്കാൻ ഇടവിളയായി പച്ചമുളകും കൃഷിചെയ്തു. കുറച്ച് ബന്ദി ഗ്രോബാഗിലും വച്ചുപിടിപ്പിച്ചിട്ടുണ്ട്. വിപണിയിൽ പൂവിന്റെ വലിപ്പം വർദ്ധിപ്പിക്കാൻ പല മരുന്നുകളും ലഭിക്കുമെങ്കിലും മനു ഉപയോഗിക്കാറില്ല. ചാണകപ്പൊടി ഉൾപ്പെടെയുള്ള ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്.കൂടുതൽ ഭാഗത്തെക്ക് കൃഷി വ്യാപിപ്പിക്കാനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മനുവിന്റെ തീരുമാനം

ഒരു കിലോ പൂവിന് 70 രൂപ

മികച്ച രീതിയിൽ കൃഷി ചെയ്താൽ ഒരു സെന്റിൽ നിന്ന് പോലും യഥേഷ്ടം പൂക്കൾ പ്രതീക്ഷിക്കാം. വാട്ടരോഗമാണ് പ്രധാന പ്രശ്നം. ഇതിന് തടയിടാൻ കാർഷിക സർവകലാശാലയിൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഓണക്കാലത്ത് ഒരു കിലോ പൂവിന് 70 രൂപ കർഷകന് ലഭിക്കും. ബന്ദിപ്പൂവിന് നിമവിരകളെ നിയന്ത്രിക്കാഴ കഴിവുണ്ട്. അതുകൊണ്ട് മറ്റ് കൃഷിയിടങ്ങളിൽ ഇടവിളയായോ സഹവിളയായോ കൃഷി ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.