ksrtc
പണിതീരാത്ത കെ.എസ്.ആർ.ടി.സി

പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ടെർമിനൽ നിർമ്മാണം ഈ മണ്ഡലകാലത്തിന് മുമ്പും പൂർത്തിയാക്കില്ല. പണി ആരംഭിച്ച് നാല് വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കാനുള്ള നടപടി ഇതുവരെയില്ല. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും കരാറുകാരുമായുണ്ടായ അഭിപ്രായ ഭിന്നതയാണ് ഇടയ്ക്ക് നിർമ്മാണം നിലയ്ക്കാൻ കാരണം. 2017 മാർച്ച് 31ന് പൂർത്തിയാക്കമെന്നായിരുന്നു കരാർ. മൂന്ന് നിലയുള്ള ബസ് ടെർമിനലിന്റെ താഴത്തെ നില ഒഴികെ ബാക്കി നിലകളിൽ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. പ്‌ളബിംഗും ഇലക്ട്രിക്കൽ വർക്കുകളും കഴിഞ്ഞു. എന്നാൽ താഴത്തെ നില മാത്രമേ ലേലത്തിൽ പോയിട്ടുള്ളു. മൂന്ന് നിലയുള്ള ഷോപ്പിംഗ് കോപ്ലക്‌സ് കം കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ താഴത്തെ നില മാത്രം ലേലം ചെയ്തപ്പോൾ 6 കോടി രൂപ ലഭിച്ചു. നിലവിലെ വർക്ക് ഷോപ്പ് ഒഴികെയുള്ള ഓഫീസ്, സെക്യൂരിറ്റി കെട്ടിടം പൊളിച്ചു മാറ്റിയാലെ പുതിയ കെട്ടിടത്തിന് പാർക്കിംഗിനായി സ്ഥലം ലഭിക്കുകയുള്ളു. പഴയ ഓഫീസിലെ പ്രവർത്തനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ തീരുമാനമുണ്ടായിരുന്നെങ്കിലും കെട്ടിടം പണി പൂർത്തിയാകാതെ മാറ്റാൻ കഴിയാതെ വരികയായിരുന്നു. ഇതോടൊപ്പം വർക്ക്‌ഷോപ്പും ഗാരേജും നവീകരിക്കും. എന്നാൽ ഈ മണ്ഡലകാലത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നാണ് അധികൃതർ ഇപ്പോഴും പറയുന്നത്. പക്ഷേ ഇത്രയധികം പണി ബാക്കി നിൽക്കുമ്പോൾ എങ്ങനെയാണ് പണി പൂർത്തികരിക്കാൻ സാധിക്കുക എന്ന കാര്യത്തിൽ നിശ്ചയമില്ല. ശബരിമല മണ്ഡലകാലത്ത് ലക്ഷകണക്കിന് തീർത്ഥാടകർ വന്നെത്തുന്ന സ്ഥലമാണ് ഇവിടെ. ഇതിനായി കെ.എസ്.ആർ.ടി.സി അധിക സർവീസുകളും നടത്താറുണ്ട്. ഇപ്പോൾ നഗരസഭയുടെ അധീനതയിലുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗം കെ.എസ്.ആർ.ടി.സി സ്റ്റാൻഡായി ഉപയോഗിക്കുകയാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്.

ആകെ ചെലവ് 9.20 കോടി

 താഴത്തെ നിലയിൽ 20ഉം ഒന്നാം നിലയിൽ 27 ഉം കടകളാണ് നിലവിലുള്ളത്.

2017 മാർച്ച് 31ന് പൂർത്തിയാക്കണമെന്നായിരുന്നു കരാർ