ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡാണിത്. ഇവിടെ എത്തി സഞ്ചരിച്ചാൽ പഞ്ചായത്തിന്റെ ആസ്തി രേഖയിൽ ഇങ്ങനെയൊരു റോഡ് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം തോന്നാം.വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിനെ പഞ്ചായത്ത് അധികൃതരും മറന്നമട്ടാണ്. തിരുവൻവണ്ടൂരിനെയും തിരുവല്ലയെയും ബന്ധിപ്പിച്ച് ആലപ്പുഴ, പത്തനംതിട്ട ജില്ലയുടെ അതിർത്തികൾ പങ്കു വയ്ക്കുന്ന റോഡാണിത്. തിരുവൻവണ്ടൂർ, കുറ്റൂർ, തിരുവല്ല, പത്തനംതിട്ട എന്നീ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും ഈ റോഡിലൂടെ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ നാമമാത്രമായ സർവീസേയുള്ളൂ. എട്ട് വർഷം മുമ്പ് ടാറിംഗ് നടത്തിയ റോഡിൽ പിന്നീട് അറ്റക്കുറ്റപ്പണികൾ നടത്തിയിട്ടില്ല.
കഴിഞ്ഞ വർഷം പ്രളയത്തിൽ റോഡ് നിശേഷം തകർന്നു. തുടർന്ന് നാട്ടുകാർ ശ്രമദാനം നടത്തി സഞ്ചാരയോഗ്യമാക്കി. പ്രദേശവാസികൾ ചേർന്ന് 35,000 രൂപയോളം സമാഹരിച്ചാണ് പണികൾ നടത്തിയത്.
തിരുവൻവണ്ടൂർ - നന്നാട് റോഡ്
നീളം : 2.5 കിലോമീറ്റർ
8 വർഷം മുൻപ് 26ലക്ഷം രൂപാ മുടക്കി ടാറിംഗ് നടത്തി
തകർച്ചയുടെ വഴി
2017ൽ എം.സി റോഡിൽ പ്രാവിൻകൂടിനും കല്ലിശ്ശേരിക്കുമിടയിൽ കെ.എസ്.ടി.പിയുടെ പണി നടക്കുന്ന സമയത്ത് ഗതാഗതം ഈ റോഡലൂടെ തിരിച്ചുവിട്ടിരുന്നു. ഭാരവാഹനങ്ങൾ കടന്നുപോയതോടെ റോഡ് ഭാഗികമായി തകർന്നു. വീണ്ടും മഴക്കെടുതിയിൽ വെള്ളക്കെട്ടുണ്ടായതിനെത്തുടർന്ന് ഗതാഗതയോഗ്യമല്ലാതെയായി.
റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം.
പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
സുധാകരൻ
നാട്ടുകാരൻ